കാസര്‍കോട്: ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഉത്തരദേശത്തോട് പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്തുള്ള കാസര്‍കോട് ജില്ലാ കലക്ടറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ലോക്ഡൗണ്‍ മൂലം കഴിഞ്ഞ റമദാനില്‍ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. ഈ റമദാന് ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ കണ്ടത്. ജില്ലയില്‍ 30,000ലേറെ വ്യാപാര സ്ഥാപനങ്ങളുണ്ട്. അതില്‍ പകുതിയിലേറെയും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ്. രാത്രി ഒമ്പത് മണിയോടെ കടകള്‍ അടക്കണമെന്ന തീരുമാനവും വ്യാപാരികളെ ദ്രോഹിക്കുന്നതാണ്. റമദാനില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് പലരും രാത്രിയാണ് കടകളെ ആശ്രയിക്കാറ്. ഈ സാഹചര്യത്തില്‍ 11 മണിവരെ നീട്ടണം. കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ഇത്തവണയും വ്യാപാരം പ്രതിസന്ധിയിലാകും. ഇത് ആത്മഹത്യയിലേക്ക് വ്യാപാരികളെ നയിച്ചേക്കുമെന്നും ഷരീഫ് പറഞ്ഞു.