തിരുവനന്തപുരം: പാതിരാനേരത്ത്, വീട്ടില്‍ തന്റെ മകളെ കാണാനെത്തിയ മകളുടെ ആണ് സുഹൃത്തിനെ അച്ഛന് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛന് ലാലു പൊലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തിന് പിന്നാലെ പേട്ട പൊലീസില്‍ കീഴടങ്ങിയ ലാലു, പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടെന്നും കള്ളനെന്ന് കരുതി അനീഷിനെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെത്തിയ ലാലു, വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആസ്പത്രിയില്‍ എത്തിക്കണമെന്നും പൊലീസിനെ അറിയിച്ചു. പൊലീസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനീഷ് ബഥനി കോളേജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്.