മംഗളൂരു: ഹിജാബ് വിവാദത്തിന് ഉടന്‍ പരിഹാരം കാണമെന്നും ഈ നില തുടര്‍ന്നാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നും സുന്നി ജംഇയ്യത്തുല്‍ ഉലമ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എസ്പി ഹംസ സഖാഫി അഭിപ്രായപ്പെട്ടു. മംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ഉഡുപ്പി ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ആരംഭിച്ച ഹിജാബ് വിവാദം ചില നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് മുതലെടുപ്പിനുള്ള അവസരമാണ് ഒരുക്കി കൊടുത്തത്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുസ്ലിം സമുദായത്തിന് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ നിഷേധിക്കാനും അവകാശങ്ങളെ തകര്‍ക്കാനുമുള്ള ഗൂഢാലോചനയാണിത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍, വിവിധ മതങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ സാരിയുടെ അരികുകള്‍ കൊണ്ട് മുഖം മറച്ച് ജീവിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഹിജാബുകള്‍ ഇസ്ലാം നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ച് പോകുന്നത് പുതിയ കാര്യമല്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ പൊടുന്നനെ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകാനാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ ഇടവരുത്തുകയെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ഭാഷയിലും ജാതിയിലും സംസ്കാരത്തിലും മതത്തിലും പെട്ടവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. അവരുടെ പേരുകളിലും വസ്ത്രങ്ങളിലും എല്ലാറ്റിലും വൈവിധ്യമുണ്ട്. അപ്പോഴും അവര്‍ക്ക് ഐക്യത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കും. ഈ സമത്വത്തെ ഹിജാബ് ദോഷകരമായി ബാധിക്കുമെന്ന് പറയുന്നത് ബാലിശമാണ്. മതചിഹ്നങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യത്യസ്ത പശ്ചാത്തലത്തിലുള്ളവര്‍ പരസ്പരം മനസ്സിലാക്കി ജീവിക്കുന്നവരാണ്. ഈ വസ്ത്രങ്ങളൊന്നും അവരുടെ ഐക്യത്തിലും സമത്വത്തിലും ഇടപെട്ടിട്ടില്ല. മുസ്ലീം പെണ്‍കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതീകാത്മക സമത്വത്തിന് വേണ്ടി മുസ്ലീം പെണ്‍കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കാര്യങ്ങളുടെ പേരില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി നശിപ്പിക്കരുതെന്നും സഖാഫി അഭ്യര്‍ത്ഥിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസ് ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധത്തില്‍ തീര്‍പ്പാക്കണമെന്നാണ് ഉലമയുടെ ആവശ്യം. കോടതികളില്‍ വിശ്വാസമുണ്ടെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബോധമുള്ള പൗരന്മാര് കൈകോര്‍ക്കണമെന്നും സഖാഫി പറഞ്ഞു. ഖാസി എം അബ്ദുല്‍ ഹമീദ് മുസ്ലിയാര് മാണി, ഖാസിം മദനി കാരയ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.