ഉഡുപ്പി: ഉഡുപ്പി കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്കിയ പെണ്‍കുട്ടിയുടെ പിതാവിന്റെ റസ്റ്റോറന്റ് ഒരു സംഘം അടിച്ചുതകര്‍ത്തു. ഉഡുപ്പി മാല്‍പെയിലെ റസ്റ്റോറന്റിന് നേരെ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. മാല്‍പെയിലെ ബിസ്മില്ലാ റസ്റ്റോറന്റാണ് 50-ഓളം പേരടങ്ങുന്ന ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തത്. ഉഡുപ്പിയിലെ വനിതാ കോളേജില്‍ ഹിജാബ് ധരിച്ച് പോകുന്നതിന്റെ പേരില്‍ വിലക്ക് നേരിടുന്ന പെണ്‍കുട്ടികളില്‍ ഒരാളായ ഷിഫ കോളേജിലെ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഷിഫയുടെ പിതാവ് ഹൈദരലിയുടെ റസ്റ്റോറന്റിന് നേരെയാണ് അക്രമം നടന്നത്. റസ്റ്റോറന്റിലുണ്ടായിരുന്ന ഷിഫയുടെ സഹോദരന് സെയ്ഫിനെ ഒരു സംഘം മര്‍ദ്ദിക്കുകയും ചെയ്തു. സെയ്ഫിനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനെ അക്രമിച്ച സംഭവത്തില്‍ ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ടിന് പങ്കുണ്ടെന്ന് കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസീല്‍ അക്രം ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ ഒളിക്യാമറയില്‍ പതിഞ്ഞ വീഡിയോ സംപ്രേക്ഷണം ചെയ്തതോടെയാണ് ഹൈദരലിക്ക് ഭീഷണി കോളുകള്‍ വരാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും അല്ലാത്ത പക്ഷം കാമ്പസ് ഫ്രണ്ട് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അസീല്‍ അക്രം മുന്നറിയിപ്പ് നല്കി.