മംഗളൂരു: അധ്യാപികയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളിയില്‍ താമസിക്കുന്ന ദീപിക(28)യാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ശ്രീരംഗപട്ടണത്തിനടുത്തുള്ള മേലുകോട്ടിലുള്ള ഒറ്റപ്പെട്ട സ്ഥലത്ത് കുഴിച്ചിട്ട നിലയിലാണ് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ അധ്യാപികയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. ദീപികയെ കാണാതായ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാണ്ഡ്യ ജില്ലയിലെ വെങ്കിടേഷാണ് ദീപികയുടെ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ട്. ദീപികയെ ജനുവരി 20ന് സ്കൂളില്‍ പോയതിന് ശേഷം കാണാതായിരുന്നു. ഇതുസംബന്ധിച്ച് വീട്ടുകാര്‍ മേലുകോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ദീപികയെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. ചൊവ്വാഴ്ച വൈകിട്ടോടെ മേലുകോട്ടെ മലയടിവാരത്തിന് സമീപം ദീപികയുടെ സ്കൂട്ടര്‍ കാണുകയും വീട്ടുകാരും പൊലീസും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയും മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ദീപികയുടെ തലയും മുഖവും കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്ത നിലയിലായിരുന്നു. അതേ ഗ്രാമത്തില്‍ നിന്നുള്ള 21കാരനായ നിതിന്‍ ഗൗഡയെ ദീപിക അവസാനമായി വിളിച്ചതായി പൊലീസിന്റെ ഫോണ്‍കോള്‍ പരിശോധനയില്‍ വ്യക്തമായി.
നിതിന്‍ ഗൗഡ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.