തിരുവനന്തപുരം: കേരളത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണെങ്കിലും ഇടതുപക്ഷത്തിനെതിരേ രാഹുലിനും യോഗിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും ഒരേ നയമാണ് പിന്തുടരുന്നത്. അതിന്റെ പ്രതിനിധികളായിട്ടാണ് ആദിത്യനാഥും രാഹുലും കേരളത്തിലെ സര്‍ക്കാരിനെതിരെ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നുണപ്രചരണങ്ങളുമായി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്ന് നോക്കേണ്ട. ബിജെപിയെ പ്രതിരോധിക്കാനുള്ള കഴിവ് കോണ്‍ഗ്രസിന് നഷ്ടമായെന്നും ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് എതിര്‍പ്പും വിയോജിപ്പും രേഖപ്പെടുത്താനുള്ള കഴിവ് പോലും ഇല്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലെ രണ്ടു രാജ്യസഭാ സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ബിജെപിയോട് എതിര്‍പ്പും വിയോജിപ്പും രേഖപ്പെടുത്താനുള്ള കഴിവ് പോലും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് എന്താണ് പ്രസക്തി. അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ നമ്മുടെ നാട്ടിലുള്ളവരും ഉണ്ട്. അവര്‍ക്ക് എന്തു പറയാനുണ്ടെന്ന് ഇവിടെയുള്ളവര്‍ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ട്. പുതുച്ചേരിയുടെ കാര്യം പറയാനുള്ള ബാദ്ധ്യത അവര്‍ക്കുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വലിയ നേതാക്കള്‍ വന്ന് ഇടതുപക്ഷത്തിന്റെയും സംസ്ഥാനത്തിന്റെയും മേക്കിട്ട് കയറുമ്പോള്‍ അവര്‍ തമ്മിലുള്ള അന്തര്‍ധാര എന്താണെന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞതെന്നും പറഞ്ഞു.