തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് പ്രമേയം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. കാവി അജണ്ടകളും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ലക്ഷ ദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നു കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവന് സംരക്ഷിക്കുക എന്ന ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന കര്‍ത്തവ്യം നിറവേറ്റുന്നതിന് പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍നിന്നുതന്നെ ഉണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ഭരണകൂടത്തിനു വ്യക്തികളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാന്‍ അമിതാധികാരം നല്കുന്ന വ്യവസ്ഥ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ ധാരാളം ആളുകളെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍നിന്നും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇടവരുത്തും.
ഇന്നു ലക്ഷദ്വീപില്‍ കാണുന്നതിനു സമാനമായ രീതിയില്‍ രാജ്യത്തിന്റെ നാനാത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇന്ത്യയിലെ മറ്റിടങ്ങളിലും ആസൂത്രിതമായി നടത്തുന്നുണ്ട്. അവയുടെ പരിണിത ഫലങ്ങള്‍ ദുരന്തമായിരുന്നു. ലക്ഷദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. കേരളം ആ ആശങ്ക പങ്കുവയ്ക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം, പ്രമേയത്തില്‍ പ്രതിപക്ഷം ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിനെ നേരിട്ട് വിമര്‍ശിക്കണമെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ആവശ്യപ്പെട്ടു. ടിബറ്റില്‍ ചൈന ചെയ്തതുപോലെ എന്നും പ്രമേയത്തില്‍ ചേര്‍ക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ. പറഞ്ഞു. ലക്ഷദ്വീപില്‍ സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. എന്തുകഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നത് ധിക്കാരമെന്നും അദ്ദേഹം വ്യക്തമാക്കി.