ദാനത്തിന്റെ പത്ത് മഹത്വങ്ങള്‍...

സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വമാണ് ഇസ്ലാമിക സാമ്പത്തിക ദര്‍ശനങ്ങളുടെ ലക്ഷ്യം. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ എക്കണോമിക് പാക്കേജാണ് ഇസ്ലാമിന്റെത്. സമൂഹത്തിന്റെ ഉന്നതിക്കും തകര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സമ്പത്തിനെ വളരെ ശ്രദ്ധയോടെയാണ് ഇസ്ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണ്, അതിന്റെ താല്‍ക്കാലിക ഉപഭോക്താവ് മാത്രമാണ് മനുഷ്യന്‍ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നത് ഇസ്ലാം വിലക്കുന്നു. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ച ശാസ്ത്രീയ സംവിധാനമാണ് സകാത്തും സ്വദഖയും. […]

സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വമാണ് ഇസ്ലാമിക സാമ്പത്തിക ദര്‍ശനങ്ങളുടെ ലക്ഷ്യം. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ എക്കണോമിക് പാക്കേജാണ് ഇസ്ലാമിന്റെത്. സമൂഹത്തിന്റെ ഉന്നതിക്കും തകര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സമ്പത്തിനെ വളരെ ശ്രദ്ധയോടെയാണ് ഇസ്ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണ്, അതിന്റെ താല്‍ക്കാലിക ഉപഭോക്താവ് മാത്രമാണ് മനുഷ്യന്‍ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നത് ഇസ്ലാം വിലക്കുന്നു. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ച ശാസ്ത്രീയ സംവിധാനമാണ് സകാത്തും സ്വദഖയും.
സകാത്ത് നല്‍കുന്നതോടെ ധനികരുടെ സമൂഹ്യ ബാധ്യത തീരുന്നില്ലന്നും ദരിദ്രരുടെ കണ്ണീരൊപ്പാന്‍ മുസ്ലിം എന്നും മുന്നിട്ടറങ്ങണമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: 'ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവന്‍ അതില്ലാത്തവന് നല്‍കണം'. പരലോക മോക്ഷവും സ്വര്‍ഗ പ്രവേശനവും നേടിയെടുക്കാനുള്ള പുണ്യ കര്‍മ്മമാണ് ദാനധര്‍മം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ദാനധര്‍മത്തിന്റെ ഒട്ടനവധി നേട്ടങ്ങള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ഈ പത്ത് പ്രത്യേകതകള്‍.
1. ദാനം അല്ലാഹുവിന്റെ കോപം ഇല്ലാതാക്കുന്നു. മുആവിയ(റ) റിപ്പോര്‍ട്ട് ചെയത നബിവചനം പ്രസിദ്ധമാണ്. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: 'നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്റെ കോപത്തെ കെടുത്തിക്കളയുന്നതാണ്' (മജ്മഉസ്സവാഇദ്).
2. പാപത്തെ കഴുകിക്കളയും. നബി(സ്വ) പറയുന്നു:'വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും' (തുര്‍മുദി).
3. ഖബറില്‍ ആശ്വാസം ലഭിക്കും. നബി(സ്വ) പറയുന്നു: 'നിശ്ചയം, സ്വദഖ ഖബറിലുള്ളവര്‍ക്ക് അതിന്റെ ചൂട് അകറ്റി കൊടുക്കും' (ബൈഹഖി).
4. നരകത്തില്‍ നിന്നും സംരക്ഷണം. തിരുനബി(സ്വ) പറഞ്ഞു: 'ഒരു കാരക്കയുടെ ചീള് ദാനം നല്‍കിയെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക' (ബുഖാരി, മുസ്ലിം). നബി(സ്വ) സ്ത്രീ സമൂഹത്തോട് പറഞ്ഞു: 'സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്' അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ? നബി(സ്വ) പ്രതിവചിച്ചു: 'നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു' (സ്വഹീഹുല്‍ ബുഖാരി).
5. രോഗങ്ങള്‍ക്ക് ശമനമാണ് ദാനം. തിരുനബി(സ്വ) പ്രസ്താവിച്ചു: 'നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് നിങ്ങള്‍ ചികിത്സിക്കുക' (ബൈഹഖി).
6. മാനസിക പ്രയാസങ്ങള്‍ അകറ്റുന്നു. അബൂഹുറൈറ (റ) പറയുന്നു: 'ഒരാള്‍ തിരുനബി (സ)യോട് ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതിപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറ

ഞ്ഞു: 'ഹൃദയത്തിന്റെ മൃദുലതയാണ് താങ്കളുദ്ദേശിക്കുന്നതെങ്കില്‍ അഗതിക്ക് ഭക്ഷണം കൊടുക്കുകയും അനാഥന്റെ തലയില്‍ തടവുകയും ചെയ്യുക' (മുസ്‌നദു അഹ്‌മദ്).
7. സാമ്പത്തിക അഭിവൃദ്ധി. അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: 'ദാനം സമ്പത്തിനെ കുറക്കുകയില്ല' (സ്വഹീഹ് മുസ്ലിം). അല്ലാഹു തന്നെ പറയുന്നതു കാണുക: 'ഏതൊരു കാര്യം നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അവന്‍ നിങ്ങള്‍ക്കു അതിനു പകരം നല്‍കുന്നതാണ്. ഏറ്റവും നന്നായി ഉപജീവനം നല്‍കുന്നവനാണവന്‍' (ഖുര്‍ആന്‍ 34/39).
നോമ്പുകാരിയായ ആയിശ ബീവി(റ)യുടെ അടുക്കല്‍ ഒരു മിസ്‌കീന്‍ യാചനക്കെത്തിയ ചരിത്രമുണ്ട്. ഇമാം മാലിക്(റ) ആണ് ഈ സംഭവം ഉദ്ധരിക്കുന്നത്. യാചകന്‍ വന്നപ്പോള്‍ ആയിശ ബീവി(റ)യുടെ വീട്ടില്‍ ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ റൊട്ടി യാചകന് നല്‍കാന്‍ ആയിശ(റ) വേലക്കാരിയോട് പറഞ്ഞു. ഉടനെ അവള്‍ പറഞ്ഞു: 'നിങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ വേറെ ഒന്നുമില്ല'. അപ്പോഴും റൊട്ടി യാചകന് കൊടുക്കാന്‍ തന്നെയാണ് ബീവി പറഞ്ഞത്. വേലക്കാരി അതനുസരിക്കുകയും ചെയ്തു. അവര്‍ പറയുന്നു: 'അന്ന് വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വീട്ടുകാര്‍ വേവിച്ച ആട് സൗജന്യമായി നല്‍കി. ആയിശ ബീവി(റ) എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: 'നീ ഇതില്‍ നിന്ന് ഭക്ഷിക്കുക. ഇതാണ് നിന്റെ ആ റൊട്ടിയേക്കാള്‍ നല്ലത്' (മുവത്വ).
8.ആപത്തുകള്‍ തടയുന്നു. നബി(സ്വ) പറയുന്നു: 'നന്മ നല്‍കുന്നത് ആപത്തുകളെ തടയുന്നതാണ്'(ത്വബ്‌റാനി). സൂര്യ ഗ്രഹണമുണ്ടായ സമയത്ത് ജനങ്ങളെല്ലാം അസ്വസ്ഥരായപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: 'നിങ്ങള്‍ അതു (ഗ്രഹണം) കണ്ടാല്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. അവനെ മഹത്ത്വപ്പെടുത്തുക. നിസ്‌കാരം നിര്‍വഹിക്കുക. ദാനധര്‍മം നടത്തുക' (സ്വഹീഹുല്‍ ബുഖാരി).
9. സമ്പത്ത് ശുദ്ധിയാക്കുന്നു. നബി(സ്വ) കച്ചവടക്കാരോട് പറഞ്ഞതു കാണാം: 'കച്ചവട സമൂഹമേ, നിശ്ചയം പിശാചും കുറ്റവും കച്ചവടത്തില്‍ വന്നു ചേരും. അതുകൊണ്ട് നിങ്ങളുടെ കച്ചവടത്തോട് സ്വദഖയും കലര്‍ത്തുക' (തുര്‍മുദി). ഇമാം അബൂദാവൂദ്(റ)ന്റെ റിപ്പോര്‍ട്ടില്‍ 'കച്ചവട സമൂഹമേ, ഉറപ്പായും കച്ചവടത്തില്‍ സത്യം ചെയ്യലും (അമിതമായോ, കളവായോ) നിരര്‍ത്ഥകമായ സംസാരവുമൊക്കെയുണ്ടാവും. അതുകൊണ്ട് കച്ചവടത്തോടൊപ്പം നിങ്ങള്‍ സ്വദഖയും ചേര്‍ത്തുക' (സുനനു അബീദാവൂദ്).
10. ധര്‍മിഷ്ഠന് മാലാഖയുടെ പ്രാര്‍ത്ഥന ലഭിക്കും. റസൂല്‍(സ്വ) പറയുന്നു: 'ഓരോ പ്രഭാതത്തിലും ഈരണ്ടു മലക്കുകള്‍ ഇറങ്ങിവരും. അവരിലൊരാള്‍ 'അല്ലാഹുവേ, ദാനം നല്‍കുന്നവന് നീ പകരം നല്‍കേണമേ' എന്നും മറ്റെയാള്‍ 'അല്ലാഹുവേ, നല്‍കാത്തവന് നീ നാശം നല്‍കേണമേ' എന്നും പ്രാര്‍ത്ഥിക്കും (ബുഖാരി, മുസ്ലിം).

Related Articles
Next Story
Share it