ടി. ഉബൈദും കഥാപ്രസംഗവും...

'സാഹിത്യത്തിലെ ഹൃദയാവര്‍ജ്ജകവും ഉല്‍ക്കര്‍ഷക്ഷമവുമായ ആശയങ്ങള്‍ അല്‍പം സംഗീതത്തിന്റെ അകമ്പടിയോടുകൂടി സാധാരണ ജനങ്ങളുടെ സമീപത്തേക്ക് കൊണ്ടു ചെല്ലുക, അവരുടെ ഹൃദയ സംതൃപ്തി കണ്ട് ആനന്ദിക്കുക ആ അനുഭവം വാചാമഗോചരമാണ്. അന്ന് പണ്ഡിതന്മാരായ സാഹിത്യപ്രേമികളുടെ അലമാരകളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞ വള്ളത്തോള്‍, ഉള്ളൂര്‍, ആശാന്‍ എന്നീ മഹാകവികളുടെ കാവ്യാംഗനമാരേ ചുമട്ടുകാരന്റേയും കര്‍ഷക തൊഴിലാളികളുടേയുമൊക്കെ മുന്നില്‍ തെരുവീഥികളില്‍കൊണ്ടുചെന്ന് പരിചയപ്പെടുത്തുന്നതും എനിക്ക് സാഹിത്യ സേവനമായിരുന്നു..' (സ്മൃതി ദര്‍പ്പണം എന്ന ആത്മകഥയില്‍ എം.പി. മന്മഥന്‍ സ്വന്തം കഥാപ്രസംഗത്തേക്കുറിച്ച്)പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കേരളത്തില്‍ […]

'സാഹിത്യത്തിലെ ഹൃദയാവര്‍ജ്ജകവും ഉല്‍ക്കര്‍ഷക്ഷമവുമായ ആശയങ്ങള്‍ അല്‍പം സംഗീതത്തിന്റെ അകമ്പടിയോടുകൂടി സാധാരണ ജനങ്ങളുടെ സമീപത്തേക്ക് കൊണ്ടു ചെല്ലുക, അവരുടെ ഹൃദയ സംതൃപ്തി കണ്ട് ആനന്ദിക്കുക ആ അനുഭവം വാചാമഗോചരമാണ്. അന്ന് പണ്ഡിതന്മാരായ സാഹിത്യപ്രേമികളുടെ അലമാരകളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞ വള്ളത്തോള്‍, ഉള്ളൂര്‍, ആശാന്‍ എന്നീ മഹാകവികളുടെ കാവ്യാംഗനമാരേ ചുമട്ടുകാരന്റേയും കര്‍ഷക തൊഴിലാളികളുടേയുമൊക്കെ മുന്നില്‍ തെരുവീഥികളില്‍കൊണ്ടുചെന്ന് പരിചയപ്പെടുത്തുന്നതും എനിക്ക് സാഹിത്യ സേവനമായിരുന്നു..' (സ്മൃതി ദര്‍പ്പണം എന്ന ആത്മകഥയില്‍ എം.പി. മന്മഥന്‍ സ്വന്തം കഥാപ്രസംഗത്തേക്കുറിച്ച്)
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കേരളത്തില്‍ പ്രചുരപ്രചാരം നേടിയ കലാരൂപമാണ് കഥാപ്രസംഗം. ഈ കലാരൂപത്തെ ഉപാസിച്ച നൂറു കണക്കിന് കലാകാരന്മാര്‍ കേരളത്തിലുണ്ടായിരുന്നു; ഇപ്പോഴും ഉണ്ട്. സാമൂഹിക വിഷയങ്ങള്‍ തിരഞ്ഞെടുത്തവരും സാഹിത്യം പ്രമേയമാക്കിയവരും പുരാണങ്ങള്‍ അടിസ്ഥാനമാക്കിയവരുമുണ്ട്. ടി. ഉബൈദ് എന്ന സര്‍വ്വകലാവല്ലവന് കഥാപ്രസംഗവും അന്യമായിരുന്നില്ല. അദ്ദേഹത്തിന്റെ കഥാപ്രസംഗ പ്രവര്‍ത്തനങ്ങള്‍ തീരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നത് ഒരു ദുരന്തം.
ഉറൂസ് മുതലായ ഉത്സവങ്ങള്‍ നടക്കുന്ന പള്ളിപ്രദേശത്ത് ചെന്ന് ഉബൈദ് കഥാപ്രസംഗം തുടങ്ങും മനോഹരമായ പാട്ടും സാഹിത്യഭംഗിയാര്‍ന്ന നാടകീയ വിവരണങ്ങളും കേള്‍ക്കാന്‍ ജനം തടിച്ചുകൂടും. തന്റെ പ്രതീക്ഷക്കൊത്ത ആള്‍ക്കൂട്ടമായാല്‍ മെല്ലെ പ്രസംഗത്തില്‍ പുരോഗമനം കലര്‍ത്തും. മതത്തിലെ ശിര്‍ക്കിനെപ്പറ്റിയൊക്കെ വാചാലമാകും. സുന്നി യാഥാസ്ഥിതികര്‍ എതിര്‍ക്കാന്‍ തുടങ്ങും. എതിര്‍പ്പ് കയ്യാങ്കളിയാവുന്നതിന് മുമ്പ് കഥാപ്രസംഗം നിര്‍ത്തി തടിയൂരും. ഉബൈദ് ഇത്തരം കലാപരിപാടികള്‍ നടത്തിയതായി അദ്ദേഹത്തിന്റെ ചില സമകാലികര്‍ സൂചിപ്പിതായി ഓര്‍മ്മയുണ്ട്. ഇസ്ലാമിക വിഷയത്തില്‍ കോഴിക്കോട് ആകാശവാണിയില്‍ ധാരാളം കഥാപ്രസംഗങ്ങള്‍ ഉബൈദ് നടത്തിയതായി വി.എം. കുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു കഥാപ്രസംഗം കഴിഞ്ഞ് കോഴിക്കോട് ആകാശവാണി നിലയത്തില്‍ നിന്ന് ഇറങ്ങി വരുമ്പോഴാണ് വി.എം. കുട്ടി ആദ്യമായി ഉബൈദിനെ കാണുന്നത്.
ഉബൈദിന്റെ കഥാപ്രസംഗത്തിന്റെ രീതി ഏകദേശം ഊഹിക്കാന്‍ പറ്റും. നല്ലൊരു മുസ്ലിം പഞ്ചാത്തലമുള്ള കഥ തിരഞ്ഞെടുക്കും. പിന്നെ ആ കഥയിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തും. പിന്നെയാണ് സ്‌ക്രിപ്റ്റിങ്ങ്. ഗദ്യകൃതിയാണ് അടിസ്ഥാനമാക്കുന്നതെങ്കില്‍ ഗാനങ്ങള്‍ ഉബൈദ് തന്നെ എഴുതും. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ ഖ്വിസ്സപ്പാട്ടുപോലുള്ള കൃതിയാണെങ്കില്‍ അതിലെ പാട്ടുകള്‍ അപ്പടി ഉബൈദ് ആലപിക്കും. എന്നിട്ട് താന്‍ എഴുതിയ സ്‌ക്രിപ്റ്റിലെ വിവരണം മനഃപാഠമാക്കി പറയും. പറയുന്നതിലാണ് നാടകീയത മുഴുവനും. ഉബൈദ് ഭാഗികമായി എഴുതിയ ഒരു കഥാപ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ വായനക്കാരെ പരിചയപ്പെടുത്തുന്നു.
'ഇസ്ലാമികചരിത്രത്തിലെ പ്രധാനസംഭവമായ ഹുനൈന്‍ സമരത്തെ അധികരിച്ചുള്ള ഹുനൈന്‍ കാവ്യത്തില്‍ പോരാളിവീരന്മാരായ അലിയും ദാത്തുല്‍ ഹിമാറും തമ്മില്‍ നടന്ന ഘോരയുദ്ധത്തെ വര്‍ണിക്കുന്ന ഭാഗമാണ് ഇവിടെ അവതരിപ്പിക്കുന്നത്. മുഖവുരയായി അതിന്റെ പശ്ചാത്തലം ചുരുക്കി വിവരിക്കാം.
ഇസ്ലാം മതപ്രബോധകനായ മുഹമ്മദ് നബി (സ.അ) യാതൊരു എതിര്‍പ്പുമില്ലാതെ മക്കാപട്ടണം കൈവശപ്പെടുത്തിയപ്പോള്‍ അവിടത്തെ കഅ്ബാ ദേവാലയത്തില്‍ മുന്നൂറ്റി അറുപതോളം ബിംബങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. അവയെ, നബിയുടെ ആജ്ഞപ്രകാരം ജാമാതാവായ അലി (റ) നീക്കം ചെയ്തു. ഈ സംഭവം അയല്‍ദേശങ്ങളിലെ അറബി പ്രമുഖന്മാരെ കലികൊള്ളിച്ചു. അവര്‍ നുസ്രിയത്ത് ദേശാധിപതിയായ മാലിക്കിനെ സമീപിച്ച് സങ്കടം ഉണര്‍ത്തി. അഹമ്മതിയുടെ അവതാരമായ ആ ചക്രവര്‍ത്തി സാമന്ത രാജാക്കളുടെ സഹായസഹകരണങ്ങളോടെ മുപ്പതിനായിരത്തോളം ഭടന്മാരടങ്ങിയ വമ്പിച്ചൊരു സേനയെ സജ്ജീകരിച്ച് മുസ്ലിംകളെ മുഴുവന്‍ കൊന്നൊടുക്കുവാനുള്ള ഉദ്ദേശത്തോടെ പുറപ്പെട്ടു. വര്‍ത്തമാനമറിഞ്ഞ നബി (സ) തിരുമേനിയും സഖാക്കളുമായി കൂടിയാലോചിച്ചു. പന്തീരായിരം പടയാളികളോടുകൂടി മദീനയില്‍ നിന്ന് യാത്രയായി. ഉഭയകക്ഷികളും ഹുനൈന്‍ ദേശത്തിലെ ഔത്താസ് പര്‍വ്വതത്തിന്റെ ഇരുപാര്‍ശ്വങ്ങളിലുമായി അണിനിരന്നു.
ദ്വന്ദ്വയുദ്ധവും സംഘസമരവും പലരംഗങ്ങളിലും നടക്കുകയാണ്. മുസ്ലിം യോദ്ധാക്കളില്‍ ഒരുവിഭാഗം ഹവാസാന്‍ ഗോത്രക്കാരോടാണ് ആദ്യം പൊരുതിയത്. വൈരികള്‍ പൊറുതിമുട്ടി ഓടിത്തുടങ്ങിയപ്പോള്‍ അവരെ ബന്ധനസ്ഥരാക്കാന്‍ വേണ്ടി മുസ്ലിം ഭടന്മാര്‍ പിന്തുടര്‍ന്നു. ഈ കാഴ്ചകണ്ട് ശത്രുപക്ഷത്തിലെ മറ്റ് സേനകള്‍ തുരുതുരെ പ്രത്യക്ഷപ്പെട്ട് നാലുപാടുനിന്നും ശരങ്ങള്‍ വര്‍ഷിച്ചുതുടങ്ങി. മുസ്ലിംകളില്‍ മിക്കപേരും ഓടിപ്പോയി. പ്രമുഖരായ കുറച്ചാളുകള്‍ മാത്രം അടര്‍ക്കളത്തില്‍ ഉറച്ചുനിന്നു. അവര്‍ പ്രാണനില്‍ കൊതിയില്ലാതെ പല രംഗങ്ങളിലായി പോരാടുകയാണ്. മഹാന്മാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ഖാലിദ് തുടങ്ങിയ പരാക്രമശാലികളുടെ ആയോധനം മൂലം അമുസ്ലിംകളില്‍ അനേകംപേര്‍ യമപുരി പൂകിയപ്പോള്‍ അവരുടെ ഭാര്യമാരും സന്താനങ്ങളും ചക്രവര്‍ത്തിയുടെ മുമ്പില്‍ ചെന്ന് നിലത്തുവീണുരുണ്ടും തലയിട്ടടിച്ചും വിലപിച്ചുതുടങ്ങി. രാജാവിന് നില്‍ക്കക്കള്ളിയില്ലാതായി. വൈരികളോട് തീര്‍ച്ചയായും താന്‍ പകരം വീട്ടുമെന്ന് പറഞ്ഞ് അവരെ സാന്ത്വനപ്പെടുത്തിയശേഷം രാജാവ് അടര്‍വേഷമണിഞ്ഞ് രണാങ്കണ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ട്, മുസ്ലിംകളെ വെല്ലുവിളിച്ചു. അവനോട് നേരിടുവാന്‍ നബിയോട് വിടവാങ്ങിച്ചെന്ന ബഷീര്‍, ജാബിര്‍ തുടങ്ങിയ കുറേ ഭടന്മാര്‍ ഓരോ വെട്ടിന് നിലംപതിച്ചു.
തൊങ്കല്‍ ശഹീദായിടും പോതില്‍
മലിക്കില്‍ വന്തേ ജൂയൂശില്‍ അശ്ജാ
അര്‍ ചിലര്‍ മൊളിന്തേ
ബഹുമാ നമക്കുറ്റേ മഹാ രാജാ
നീ വേഗം ഖമര്‍ സദ്ദുക്കിറ്ജിഅ്
നീ കകനം പൊരുതാവനുനൈ വേണ്ടല്ലോ
കലകപ്പതി നാങ്കള്‍ ഇരിപ്പുണ്ടല്ലോ
പകരം വിരുത്തുങ്കള്‍ ശുജാഅത്തെല്ലാം
പറയുന്നതല്ലാതെ ഫലം വന്നില്ലാ
ഇല്ലാ പെരും ജോകം മുടിവായല്ലോ
മുസ്ലിം ഭടന്മാരെ പ്രതീക്ഷിച്ചുകൊണ്ട് രാജാവ് അങ്ങനെ നില്‍ക്കുമ്പോള്‍ കുറേ സേനാനികള്‍ അടുത്തുചെന്ന് ബോധിപ്പിച്ചു: മഹാരാജാവേ, അങ്ങുന്ന് കൂടാരത്തിലേക്ക് തിരിച്ചാലും! മുഹമ്മദിന്റെ കൂട്ടുകാരോട് അടരാടുവാന്‍ വീരപരാക്രമികളായ ഞങ്ങളുണ്ടായിരിക്കെ അവിടുന്ന് പുറപ്പെടേണ്ട ആവശ്യമെന്ത്?
രാജാവ് പ്രതിവചിച്ചു: നിങ്ങളുടെ പരാക്രമവും ശൗര്യവുമെല്ലാം വായകൊണ്ടൂറ്റം പറയാനല്ലാതെ ഫലത്തിലുണ്ടായില്ല. നമ്മുടെ ഭാഗ്യനിധികളായിരുന്ന സേനാനികളെ മുഴുവന്‍കൊന്നൊടുക്കി വൈരിമുഖ്യനായ അലി ജയിച്ചില്ലേ?


ദാത്തുല്‍ ഹിമാര്‍ അശ്വാരൂഢനായി രണാങ്കണമധ്യത്തില്‍ വന്ന് അഹങ്കാരത്തോടെ വെല്ലുവിളിക്കുകയാണ്. മുഹമ്മദിന്റെ കൂട്ടുകാരെ, എന്നോടെതിരിട്ടുനിന്ന് പൊരുതുവാന്‍ നെഞ്ഞൂക്കുള്ളവരാണ് നിങ്ങളെങ്കില്‍ ഈ നിമിഷത്തില്‍ ഇങ്ങോട്ടുപോരിക.
അണ്ട വേളയാല്‍ ആലം നബീ
തമയില്‍ ചില തോളര്‍ ഉരൈ
ഇവനാകുമേ കേമനതായൊരു
ഫാരിസരും കഫ്‌റില്‍
ചെണ്ടയാലൊരു ദസ്സുഹസാര്‍
ജനമില്‍ പൊരുതാന്‍ മതിയാം
ചൊടിയത് ഇവനന്തര്‍ പട-
ക്കെമതില്‍ എതിര്‍ വന്തവനാം
വന്തതാല്‍ നമുക്കന്നനകം കൊ
ടുതായല്ലലായിവനാല്‍
വക ചെപ്പുവതപ്പൊഴുതപ്പകയന്‍
വിളി കൊപ്പമതാല്‍


ദാത്തല്‍ ഹിമാറിനെക്കണ്ടപ്പോള്‍ നബി (സ)യോട് ചില സഖാക്കള്‍ പറഞ്ഞു: ഇവന്‍ വൈരികളില്‍ കെങ്കേമനായൊരു പടയാളിയാണ്. പതിനായിരം പേരോട് ഒറ്റക്ക് പൊരുതുവാന്‍ ഇവന്‍ പോരും. കഴിഞ്ഞ അന്തര്‍യുദ്ധത്തില്‍ ഇവനെക്കൊണ്ട് നമുക്കു വളരെ ബുദ്ധിമുട്ടും വ്യസനവും നേരിട്ടിട്ടുണ്ട് എന്ന്. അപ്പോഴേക്കും അവന്റെ വെല്ലുവിളി കഠിനതരമായി.
തന്റെ പ്രാണനില്‍ പ്രാണനായ റസൂല്‍ കരീമിന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് വീരകണ്ഠീരവമായ അലി ദുല്‍ദുല്‍ കുതിരപ്പുറത്തേറി ദുല്‍ഫഖാറെന്നഭിധാനം പെറ്റ വാള്‍കൊണ്ട് കുതിരയെ ഒന്നുരണ്ടു തട്ടിയപ്പോള്‍ ഗരുഡനേക്കാള്‍ വേഗത്തില്‍ അതു കുതികുതിച്ചു. സമരാവേശത്തോടെ അലി ദാത്തുല്‍ ഹിമാറിന്റെ മുമ്പിലെത്തി.
പാത്തുദുല്‍ദുല്‍ കളിതത്തിമെത്തെ
വികൃതത്തരത്തെ തരിത്തിട്ടതാല്‍
പൊയ്യനയ്യവനും മൊയ്യലായ് അലിയാല്‍
എയ്യവന്‍ സബിയെ മൊയ്യ് നീ
നീത്തലായ് പകരം പൊയ്യനോടമ്പദെന്‍
നാമം മൊയ്യുമെ അലിയ്യതാം
നെടിയനോതിടവെ, എടയെടോ കളവ്
നൊടിപെടുന്ന സബബെന്തെടോ?
ദുല്‍ദുല്‍ കുതിരയുടെ കുതിച്ചുകൊണ്ടുള്ള വരവും താളത്തിനൊത്ത ചുവടുവെപ്പും കളിയും തകൃതിയും കണ്ട് വിസ്മയിച്ച ദാത്തുല്‍ ഹിമാര്‍ അതിന്റെ പുറത്തിരിക്കുന്ന ആളോട് ചോദിച്ചു: എടോ കുട്ടീ, നീ ആരാണ്?
ഉടനെ മറുപടി കിട്ടി: എന്റെ പേര് അലി എന്നാണ്.
ഇതുകേട്ട് ദാത്തുല്‍ ഹിമാര്‍ പൊട്ടിച്ചിരിച്ചുപോയി! നീ അലിയാണെന്നോ? കള്ളം തന്നെ, പച്ചക്കള്ളം! എടോ, എന്തിന് കളവുപറയുന്നൂ?
വയ്യകാ, ശുരുതി പെയ്യും ഫാരിസലി
കൈയും മെയ്യും നെടുതായവന്‍
പടിമുകന്തെ അലി ബടുവനാമെ ഉനൈ
തടവിടാതെ മൊളി ദിര്‍ഡമേ
നാടെങ്ങും വിശ്രുതി പരന്ന പോര്‍വീരനായ അലി, കണ്ടാലേവനും അഞ്ചിപ്പോകുന്ന ഗംഭീരനാണ്. നിന്നെക്കണ്ടാല്‍ നീയൊരുപക്ഷെ, അലിയുടെ ഭൃത്യനായിരിക്കാമെന്ന് തോന്നുന്നു. എന്തിനൊളിച്ചുവെക്കുന്നു? സമയം പാഴാക്കാതെ സത്യം പറയുക.


രണ്ട് മലമ്പുലികളില്‍ ഓരോന്നും തന്റെ മുമ്പില്‍ വന്നുപെട്ട വേട്ടമൃഗത്തോടെന്നെവണ്ണം നവം നവങ്ങളായ അടവുകള്‍ പ്രയോഗിക്കുകയാണ്. ദാത്തുല്‍ ഹിമാറിന്റെ ഭാര്യ കൂടാരത്തിലിരുന്ന് ആ ഉഗ്രസമരത്തെ കണ്ണിമക്കാതെ വീക്ഷിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് അവള്‍ തന്റെ ഭൃത്യനെ വിളിച്ചു.
തകയാനേ തലച്ചീല എടുത്തവള്‍
കൊടുത്തുറ്റ് തെരീകേ ചെണ്ടെനൈ
ഭര്‍ത്താവവരില്‍ നല്‍കി മൊളിവെടു
ഒടിയരാം അറബികള്‍ കുലമിട കട്ടി
ചൊടിയുടെ പുലി അഗതനൈ ശിരം വെട്ടി
തടിയുടെ ഉതിരമതിതിയാല്‍
പിരട്ടി പിരട്ടിക്കൊണ്ടിവിടത്തില്‍
വരികാന്‍ ചൊല്‍ നീ
ജികമായ് ദം മല്‍ഖത്തും ഫില്‍
ഖിമാറിയെണ്ടിവിടത്തില്‍
സൗജത്തെന്നുറച്ചെന്നില്‍ വരാ
ചൊല്‍പോ നീ
അയര്‍പടി ചിക്കനെ നടപെട
ബടുവനടുത്ത്
മക്കന കുഫ്ര്‍ തനൈ കരമില്‍
കൊടുത്ത്
വെക്കവെ സബീഇരു നയമില്‍
മണത്ത് മണത്തവനി സവുജത്തില്‍
പിരിശത്തിനാല്‍
അവള്‍ തന്റെ തല മക്കനെയെടുത്ത് ഭൃത്യന്‍ വശം കൊടുത്ത് ഇങ്ങനെ പറഞ്ഞു: ഈ മക്കനെ എന്റെ ഭര്‍ത്താവിന് ഉടനെയെത്തിക്കണം. ആ ആഭിചാരപടുക്കളാം അറബികളില്‍ അതിസമര്‍ത്ഥനായ അലിയുടെ തലയും കൊണ്ടല്ലാതെ, കെട്ടിയ ഭാര്യയുണ്ടെന്ന് വിചാരിച്ച് ഇങ്ങോട്ട് പോരേണ്ട എന്നും ഞാന്‍ പറഞ്ഞതായി അദ്ദേഹത്തെ അറിയിച്ചേക്കുക.
അവളുടെ കല്‍പനയനുസരിച്ച് ഭൃത്യന്‍ ഉടനെ അടര്‍ക്കളം പൂകി. മക്കന ദാത്തുല്‍ ഹിമാര്‍ വശം ഏല്‍പിച്ച് സന്ദേശം അറിയിച്ചു. അവന്‍ ഭാര്യയോടുള്ള പ്രേമാതിരേകത്താല്‍ മക്കനെ ഇരുകണ്ണിലും വെച്ച് ചുംബിച്ചു.
രീതി കൃപ പിരിശമതിലധി
പിടിക്കും ശിരസിലെ
മണത്തു പുത തനൈ
ചിറത്തുതൈ പകയനതില്‍
പിറകലിയൊടുതി മദം
ഇളക്കി പൊരുതതി വികൃതമാല്‍
നരികളിര പിടിപെട്ടുവതിലെ
ചൊടി കഠിനം വിന പൊരുതിടുവതാല്‍ നെടിയ ഇര്‍ബിട പിടികള്‍
അടിതട വടവ് പല തൊയാല്‍
തകൃതിയാല്‍
പ്രാണപ്രേയസിയുടെ പ്രേമത്തിന്റെ ചിഹ്നമായ മക്കനയെ ദാത്തുല്‍ ഹിമാര്‍ തന്റെ വാളിന്റെ പിടിയില്‍ ഉറപ്പിച്ചു. അവന്റെ സമരാവേശം വര്‍ധമാനമായി. കൂടുതല്‍ കോപത്തോടെ പൊരുതിത്തുടങ്ങി. മലമ്പുലികള്‍ ഇരയെ പിടിക്കുമ്പോഴുള്ള രോഷത്തോടെ ഇരു പോര്‍വീരന്മാരും.


ഉബൈദ് എഴുതിയ അപൂര്‍ണ്ണമായ കഥാപ്രസംഗ സ്‌ക്രിപ്റ്റിന്റെ ആദ്യഭാഗവും മധ്യഭാഗവും അവസാനഭാഗവുമാണ് ഉദ്ധരിച്ചത്. മാളിയക്കലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഹുനൈന്‍ പടപ്പാട്ടിലെ ഒരു രംഗമാണ് ഉബൈദ് കഥാപ്രസംഗത്തിന് അവലംബമാക്കിയിരിക്കുന്നത്. അദ്ദേഹം തന്റെ കഥാപ്രസംഗത്തിന് നല്‍കിയ തലക്കെട്ട് 'അലിയും ദാത്തുല്‍ ഹിമാറും തമ്മില്‍ നടന്ന ഘോരയുദ്ധം' എന്നാണ്.
ഇതുപോലുള്ള എത്രയോ കഥാപ്രസംഗങ്ങള്‍ ഉബൈദ് എഴുതിയിരിക്കാം. ചിലവ വേദികളിലൊക്കെ അവതരിപ്പിച്ചിരിക്കാം. ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തിരിക്കാം. ഇതൊക്കെ കാണാനോ കേള്‍ക്കാനോ വായിക്കാനോ സാധിക്കാതെപോയ നാം ഹതഭാഗ്യര്‍.

-ടി.കെ അബ്ദുല്ല കുഞ്ഞി

Related Articles
Next Story
Share it