കൊച്ചി: ആലുവ സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ അപകടമരണത്തില്‍ ദുരൂഹത ഉയരുന്നു. ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ എന്ന സുഹാന(21)യുടെ മരണത്തിലാണ് സംശയം നിലനില്‍ക്കുന്നത്. കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് മന്‍ഫിയ മരിച്ചത്. മന്‍ഫിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാസര്‍കോട് സ്വദേശിയായ കാമുകന് മന്‍ഫിയയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും മാതാവ് നബീസ പറഞ്ഞു. നിരവധിതവണ കാമുകനില്‍നിന്ന് ഭീഷണിയുണ്ടായിട്ടുണ്ട്. മകളെ അപായപ്പെടുത്തുമെന്ന് തന്നോടും പറഞ്ഞിരുന്നതായി നബീസ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് മന്‍ഫിയയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. നവംബര്‍ 30ന് പുലര്‍ച്ചെ രണ്ടുമണിയോടെ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കുമിടയില്‍ മെട്രോ തൂണിലിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മന്‍ഫിയയെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം കാമുകന്റെ ഫോണില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. മകളുടെ മരണത്തിന് ശേഷം കാസര്‍കോട് സ്വദേശിയായ കാമുകനെപ്പറ്റി ഒരു വിവരവുമില്ലെന്നും നബീസ വ്യക്തമാക്കി. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്നു പറഞ്ഞാണ് അപകടദിവസം വൈകീട്ട് മന്‍ഫിയ വീട്ടില്‍നിന്നു പോയത്. പുലര്‍ച്ചെ ഒന്നരയോടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഉടന്‍ മടങ്ങിയെത്തുമെന്നാണ് മന്‍ഫിയ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് അപകടം നടന്ന വിവരമറിഞ്ഞത്. അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടുണ്ടെവന്നാണ് മന്‍ഫിയയുടെ കുടുംബം പറയുന്നത്. നഴ്സിങ് വിദ്യാര്‍ഥിനിയായ മന്‍ഫിയ മോഡലിങ് രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. അമിതവേഗതയില്‍ പോകുമ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്.
കാറോടിച്ചിരുന്ന സുഹൃത്ത് സല്‍മാനുല്‍ ഫാരിസിനെ (26) സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന വരാപ്പുഴ സ്വദേശി ജിബിന്‍ ജോണ്‍സണെ(28) ചോദ്യംചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. ഇത്ര വലിയ അപകടം സംഭവിച്ചിട്ടും ജിബിന്‍ ആസ്പത്രിയില്‍ പോകാതെ വീട്ടിലേക്ക് മടങ്ങിയത് പൊലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. ഇതിനിടെയാണ് സംഭവത്തില്‍ കാസര്‍കോട് സ്വദേശിയുടെ ബന്ധം അന്വേഷിക്കണമെന്ന ആവശ്യം യുവതിയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഇതോടെ കളമശേരി അപകടമരണം സംബന്ധിച്ച് പൊലീസ് അന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയേറെയാണ്.