പുതിയ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണം; പവന് ഒറ്റയടിക്ക് 1,040 രൂപയുടെ വര്‍ധനവ്
വെള്ളി വിലയും പുതിയ റെക്കോര്‍ഡിലേക്ക്

ഓരോ ദിവസം കഴിയുന്തോറും പുതിയ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണം. സ്വര്‍ണത്തിന്റെ ഈ കുതിപ്പ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വന്‍തിരിച്ചടിയാണ്. വിവാഹാവശ്യത്തിന് സ്വര്‍ണം എടുക്കാന്‍ ഒരു പവന് തന്നെ ലക്ഷങ്ങള്‍ കൊടുക്കേണ്ട അവസ്ഥ. ഒറ്റദിവസം കൊണ്ട് പവന് 1,040 രൂപയാണ് വര്‍ധിച്ചത്. ചരിത്രത്തിലാദ്യമായി പവന്‍ 86,000 രൂപയും ഭേദിച്ച് മുന്നേറുകയാണ്. 86,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 130 രൂപയുടെ ഒറ്റക്കുതിപ്പുമായി ഗ്രാം വില 10,845 രൂപയിലുമെത്തി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് കേരളത്തില്‍ 260 രൂപയാണ് കൂടിയത്. പവന് 2,080 രൂപയും. സപ്തംബര്‍ മാസം ആരംഭിച്ചതു മുതല്‍ സ്വര്‍ണക്കുതിപ്പായിരുന്നു. 77,640 രൂപയായിരുന്നു ഈ മാസം ഒന്നിന് പവന്‍വില. പിന്നീടിങ്ങോട്ട് ഒറ്റ കുതിപ്പായിരുന്നു. ഒറ്റമാസംകൊണ്ട് 9,120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 260 രൂപയും വര്‍ധിച്ചു.
കൊവിഡിന് ശേഷം ഒരു മാസത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം മാത്രം 18 തവണയാണ് സ്വര്‍ണം വിലയിലെ സര്‍വകാല റെക്കോഡ് തിരുത്തിയത്. 78000, 79000, 80000, 81000, 82000, 83000, 84000, 85000, 86000 എന്നീ റെക്കോഡുകളിലേക്ക് സ്വര്‍ണമെത്തിയത് ഈ മാസമാണ്. സെപ്തംബര്‍ മൂന്നിനാണ് സ്വര്‍ണം ആദ്യമായി 78000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. പിന്നീടങ്ങോട്ട് കുതിക്കുകയായിരുന്നു.
കുഞ്ഞന്‍ കാരറ്റ് സ്വര്‍ണവിലകളും റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്. കേരളത്തില്‍ ഇന്നു ചില ജ്വല്ലറികളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 110 രൂപ വര്‍ധിച്ച് 8,895 രൂപയെന്ന സര്‍വകാല ഉയരത്തിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 157 രൂപയും, ഇതും റെക്കോര്‍ഡാണ്. സംസ്ഥാനത്ത് ചില ജ്വല്ലറികളില്‍ 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 115 രൂപ ഉയര്‍ന്ന് 8,925 രൂപയാണ്. വെള്ളിക്ക് 3 രൂപ ഉയര്‍ന്ന് ഗ്രാമിന് 153 രൂപയും.
രാജ്യാന്തര വില കുതിച്ചുപായുന്നതിന്റെ ആവേശമാണ് കേരളത്തിലും അലയടിക്കുന്നത്. ഔണ്‍സിന് 38.75 ഡോളര്‍ ഉയര്‍ന്ന് 3,865.53 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം. ഒരുവേള സര്‍വകാല ഉയരമായ 3,866.44 ഡോളറിലുമെത്തി. ഇനിയും കൂടുന്നതിന്റെ ട്രെന്‍ഡാണ് കാണുന്നതെന്നത് ആശങ്കയും കൂട്ടുന്നു. അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളും ഡോളറിന്റെയും ബോണ്ടിന്റെയും വീഴ്ചയുമാണ് സ്വര്‍ണക്കുതിപ്പിനുള്ള ഊര്‍ജം
രാജ്യാന്തരവില വൈകാതെ 3,900 ഡോളര്‍ ഭേദിക്കുമെന്ന നിരീക്ഷണങ്ങള്‍ ശക്തം. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഇനിയും വില മുന്നേറാം. അതേസമയം, ലാഭമെടുപ്പ് ഉണ്ടാകുമെന്നും വില താഴുമെന്നുമാണ് വിപണിയുടെ പ്രതീക്ഷകള്‍.
ഇന്ന് സ്വര്‍ണം വാങ്ങിയാല്‍ 3% ജി.എസ്.ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജും മിനിമം 5% പണിക്കൂലിയും കൂട്ടിയാല്‍ തന്നെ, ഒരു ഗ്രാം ആഭരണത്തിന് 11,735 രൂപയാകും. ഒരു പവന്‍ ആഭരണം വാങ്ങാന്‍ 93,885 രൂപയും നല്‍കേണ്ടി വരും. ഇനി പണിക്കൂലി 10 ശതമാനമാണെങ്കില്‍ ഒരു ഗ്രാമിന്റെ വാങ്ങല്‍വില 12,300 രൂപയ്ക്കടുത്താണ്. ഒരു പവന് 98,355 രൂപയും.