'താനാണ് പ്രധാനമന്ത്രിയെങ്കില്‍ പെട്ടിയുമെടുത്ത് രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കുമായിരുന്നു'; ഷമയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

ന്യൂഡല്‍ഹി: കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പരാമര്‍ശമായിരുന്നു. ഇന്ത്യന്‍ നായകന് തടി കൂടി എന്നായിരുന്നു ഷമയുടെ പരാമര്‍ശം.
തടികൂടിയ കായികതാരമാണ് രോഹിത് എന്നും അദ്ദേഹം ഭാരം കുറയ്ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എന്നും അതേ കുറിപ്പില്‍ എഴുതി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങളിലാണ് ഷമ പോസ്റ്റ് പങ്കുവച്ചത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഷമ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബിസിസി അടക്കം ഇതിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.
സൗരവ് ഗാംഗുലി, സച്ചിന്‍ തെന്‍ഡല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി, വിരാട് കോലി, കപില്‍ ദേവ്, രവി ശാസ്ത്രി തുടങ്ങിയവരുമായി താരതമ്യം ചെയ്താല്‍ രോഹിത്തിന് എവിടെയാണ് സ്ഥാനമെന്നും ഷമ ചോദിച്ചു. വിവാദം കത്തിപ്പടര്‍ന്നതിന് പിന്നാലെ, ഷമ മുഹമ്മദ് പങ്കുവച്ചത് പാര്‍ട്ടി നിലപാടല്ല എന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ഷമയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ് രാജ് സിങ്. ഇത്തരം പ്രസ്താവനകള്‍ പൊതുവെ പാകിസ്താനിലാണ് കണ്ടുവരുന്നതെന്നാണ് യോഗ്രാജ് സിങ് പറയുന്നത്. താനായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കില്‍, ഈ പ്രസ്താവന നടത്തിയവരോട് പെട്ടിയുമെടുത്ത് രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കുമായിരുന്നുവെന്നും യോഗ് രാജ് സിങ് പറഞ്ഞു.
'ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഇവിടുത്തെ ആളുകളും ഈ നാടും എന്റെ ജീവിതത്തേക്കാള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായികതാരങ്ങളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായ ആരെങ്കിലും ഇത്തരം പരാമര്‍ശം നടത്തിയാല്‍, അവര്‍ ലജ്ജിച്ചു തലതാഴ്ത്തണം' എന്നായിരുന്നു യോഗ് രാജ് സിങിന്റെ വിമര്‍ശനം.
'അവര്‍ക്ക് നമ്മുടെ രാജ്യത്ത് തുടരാനുള്ള യാതൊരു അര്‍ഹതയുമില്ല. ക്രിക്കറ്റ് നമ്മെ സംബന്ധിച്ച് മതം തന്നെയാണ്. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരകള്‍ നമ്മള്‍ നഷ്ടമാക്കി. അന്ന് രോഹിത്തിനെയും കോലിയെയും കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു.' യോഗ് രാജ് പറഞ്ഞു.
ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ പൊതുവെ പാകിസ്ഥാനിലാണ് നടക്കാറുള്ളതെന്നും യോഗ് രാജ് സിങ് ചൂണ്ടിക്കാട്ടി. ചാംപ്യന്‍സ് ട്രോഫി തോല്‍വിയുടെ പശ്ചാത്തലത്തില്‍ വസിം അക്രം ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍, ടീമിനെ അതിരൂക്ഷമായി വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു യോഗ് രാജിന്റെ നിരീക്ഷണം.
'ഇത്തരം കാര്യങ്ങള്‍ പൊതുവെ പാക്കിസ്ഥാനിലാണ് നടക്കാറുള്ളത്. ഇത്രയും പഴം ആരാണ് കഴിക്കുകയെന്നാണ് അവരുടെ ഒരു മുന്‍ താരം ചോദിച്ചത്. ഈ പ്രസ്താവനയുടെ പേരില്‍ തീര്‍ച്ചയായും നടപടി വേണം. ഇതൊന്നും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍, പെട്ടിയുമെടുത്ത് ഈ രാജ്യം വിടാന്‍ പറയുമായിരുന്നു' യോഗ് രാജ് സിങ് പറഞ്ഞു.