കാസര്‍കോട്: മധുര നിശകള്‍ക്ക് മുന്നില്‍ മഴ പോലും മാറി നിന്നപ്പോള്‍ ഗായകന് ഷമീര്‍ ഷര്വ്വാനിയും സംഘവും കാസര്‍കോട്ടുകാരുടെ ഹൃദയങ്ങളില്‍ കുളിര്‍മഴയായി പെയ്തിറങ്ങി. സ്പെഷ്യല്‍ ഗസ്റ്റായി സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ സജീര്‍ കൊപ്പവും വേദിയിലെത്തിയപ്പോള്‍ ആസ്വാദകര്‍ക്ക് ഇരട്ടി മധുരമായി. പുലിക്കുന്ന് സന്ധ്യാരാഗത്തില്‍ കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് ഒരുക്കിയ ബിഗ് സ്ക്രീന്‍ വേദിയിലെ കലാവിരുന്നാണ് നവ്യാനുഭവം സമ്മാനിച്ചത്.
വൈകുന്നേരം മുതല്‍ നിര്‍ത്താതെ മഴ പെയ്ത് ആദ്യം ആശങ്ക പരത്തിയെങ്കിലും ഗായകര്‍ വേദിയിലെത്തിയപ്പോള്‍ മഴ ഓടിയൊളിച്ചു.
പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകനും പ്രഭാഷകനുമായ ഫൈസല്‍ എളേറ്റില്‍ പരിപാടിയുടെ അവതാരകനായെത്തിയത് പുതുമയായി. ഓരോ ഗാനത്തിന് മുമ്പും അതിന്റെ പശ്ചാത്തലവും ഗായകരെ കുറിച്ചുള്ള വിവരണവും ഏറെ ശ്രദ്ധേയമായി.
ഉണ്ടോ സഖീ, ഒരു കുല മുന്തിരി… മുതല്‍ ഇമ്പമാര്‍ന്ന പാട്ടുകളുമായി ഷമീര്‍ ഷര്വാനിയും സംഘവും സദസ്സിനെ കൈയിലെടുത്തപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ ആത്മാവിലെ ആനന്ദമേ…തുടങ്ങിയ ഗാനങ്ങളിലൂടെ സജീര്‍ കൊപ്പവും ആസ്വാദകരുടെ മനം കവര്‍ന്നു. ഗിറ്റാറിസ്റ്റ് ഷിബു സുകുമാരനും സജീറിന് പിന്തുണയുമായി കയ്യടി നേടി.
ഓ ദുനിയാ കെ റഖ് വാലെ… എന്ന ഗാനത്തിലൂടെ പട്ടുറുമാല് ഫെയിം റൗമിന് മുഹമ്മദ് (കൊടുങ്ങല്ലൂര്‍) കാണികളെ കൈയിലെടുത്തു. മുന്ന മുജീബ്, റൈഹാന മുത്തു, അഞ്ജലനസ്റില്, മെഹറിന്, മുത്തു പട്ടുറുമാല് എന്നിവരും ഇമ്പമാര്‍ന്ന ഗാനങ്ങള്‍ അവതരിപ്പിച്ചു.
ഇന്നലെ അന്തരിച്ച മര്‍ച്ചന്റ്സ് നിര്‍വ്വാഹക സമിതിയംഗമായിരുന്ന എന്‍.എ. സുലൈമാന്‍ ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ദു:ഖ സൂചകമായി സംഘാടകര്‍ മുഴുവനും കറുത്ത ബാഡ്ജ് ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രസിഡണ്ട് ടി.എ ഇല്യാസ് അധ്യക്ഷതവഹിച്ചു. ദീര്‍ഘകാലം മര്‍ച്ചന്റ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് അംഗവും നിലവില്‍ രക്ഷാധികാരിയുമായിരുന്ന എന്‍.എ സുലൈമാന്റെ നിര്യാണം സംഘടനയ്ക്ക് തീരാനഷ്ടമാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു. ജില്ലാ വൈസ്പ്രസിഡണ്ട് എ.എ. അസീസ്, യൂണിറ്റ് സെക്രട്ടറി ദിനേശ് കെ, അജിത് കുമാര്‍ സി.കെ, നഹീം അങ്കോല, അന്‍വര്‍ ടി.പി., പി.കെ രാജന്, നിസാര്‍ സിറ്റികൂള്‍, അഷാഫ് നാല്‍ത്തടുക്ക, മുനീര്‍ അടുക്കത്ത്ബയല്‍, ശശിധരന് കെ സംസാരിച്ചു.