തിരുവനന്തപുരം: വി അബ്ദുര്‍ റഹ് മാന്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ധ്രൂവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതെന്ന വിമര്‍ശനവുമായി എസ്.ഡി.പി.ഐ. ഇത് സാമൂഹ്യ ഘടനയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ പര്യാപ്തമാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏതു മന്ത്രി കൈകാര്യം ചെയ്താലും അത് നീതിപൂര്‍വ്വമായിരിക്കണം എന്നു മാത്രമേയുള്ളു. അത് പൊതുജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്നവുമല്ല. എന്നാല്‍ ഒരു സമുദായം അവിഹിതവും അനര്‍ഹവുമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്തുവെന്ന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഒരന്വേഷണവും നടത്താതെ പെട്ടെന്ന് അംഗീകരിച്ച് കൊടുക്കുന്നത് ആ ആരോപണങ്ങള്‍ സര്‍ക്കാര്‍ ശരിവെക്കുന്നതിന് തുല്യമാണെന്ന് എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി.
ജനാധിപത്യത്തെ അര്‍ഥവത്താക്കുന്ന പ്രാതിനിധ്യ രാഷ്ട്രീയത്തെ പരിഗണിക്കാതെ മുന്നോക്ക വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കിയെന്ന് ചൂണ്ടികാണിച്ച് ഈ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നത് സര്‍ക്കാരിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാട്ടി.
അര്‍ഹമായതല്ലാതെ മറ്റൊന്നും ഒരു സമുദായവും നേടുന്നില്ലെന്നും ഒരു വിഭാഗത്തിനും ഒരവകാശവും നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് ഒരു മതേതര സര്‍ക്കാരിന്റെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സമുദായങ്ങള്‍ക്ക് ഇതുവരെ ലഭിച്ച ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് സമുദായം തിരിച്ച് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാമൂഹ്യനീതി ഉറപ്പ് വരുത്താനുള്ള സര്‍ക്കാരിന്റെ ഇടപെടലുകളെ വര്‍ഗ്ഗീയതയും ന്യൂനപക്ഷ പ്രീണനവും ആരോപിച്ച് തടയിടാനും വിഭാഗീയത വളര്‍ത്താനുമുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.