തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രണ്ട് ദിവസം വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷയ്ക്കെത്തുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനുമതി നല്‍കും. പരീക്ഷ കേന്ദ്രങ്ങളില്‍ എത്തുന്ന രക്ഷിതാക്കള്‍ കൂട്ടം കൂടാതെ ഉടന്‍ മടങ്ങണം.
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍
- ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കഴിവതും വീട്ടില്‍ തന്നെ ഇരിക്കുക.
- നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ നടത്താം. ഹാളുകളില്‍ 75 പേര്‍ക്കും പുറത്ത് 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം.
- മരണനാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 പേര്‍ക്കാണ്.
- വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കൈയ്യില്‍ കരുതണം.
- ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കണം. മരുന്ന്, ഭക്ഷണം, അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ട്. സ്വന്തമായി തയ്യറാക്കിയ സത്യപ്രസ്താവന കൈയില്‍ ഉണ്ടായിരിക്കണം.
- ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
- ഹോട്ടലുകളില്‍ ഭക്ഷണം വാങ്ങാന്‍ പോകുന്നവര്‍ സത്യപ്രസ്താവന കൈയ്യില്‍ കരുതണം.
- പാല്, പത്രം, ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, ജലവിതരണം, വൈദ്യുതി എന്നിവയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്കയിട്ടുണ്ട്.