തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപരന്മാര്ക്ക് ചിഹ്നമനുവദിച്ചത് റോസാപ്പൂ. വോട്ടിംഗ് മെഷീനില്‍ പേരും അടുത്തടുത്ത് വരുമെന്നായതോടെ വോട്ടുചോര്‍ച്ച ഭയന്ന് ബിജെപി. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പന്ത്രണ്ട് അപരന്മാരുടെ ചിഹ്നം റോസാപ്പൂവാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഇവര്‍ ഇടംപിടിച്ചിരിക്കുന്നത് വോട്ടിങ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് തൊട്ടു മുന്‍പോ താഴെയോ ആണ്. അതിനാല്‍ റോസാപ്പൂവും താമരയും തമ്മില്‍ മാറിപ്പോകുമെന്നും വോട്ട് അപരന്മാര്ക്ക് ലഭിക്കുമെന്നുമാണ് ബിജെപിയുടെ ആശങ്ക.
അപരന്മാര്ക്ക് റോസാപ്പൂ ചിഹ്നം അനുവദിച്ചത് സിപിഎമ്മുകാരായ ഉദ്യോഗസ്ഥരെന്നാണ് ബിജെപി ആരോപണം. ചിഹ്നം പിന്‍വലിക്കണമെന്ന ബിജെപിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. വോട്ടിങ് മെഷീനിലെ സ്ഥാനവും ചിഹ്നവും മാറ്റാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വതന്ത്രര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അംഗീകരിക്കപ്പെട്ട ചിഹ്നമായ റോസാപ്പൂ നല്‍കിയത്. അക്ഷരമാല ക്രമത്തിലുള്ള പേരിന്റെ സ്ഥാനം മാറ്റുന്നതും ചട്ടവിരുദ്ധമാകുമെന്നും കമ്മിഷന് അറിയിച്ചു.
ഇതോടെ ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. തോല്‍ക്കുമെന്ന് ഭയപ്പെടുന്ന സിപിഎം, കമ്മിഷനിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ബിജെപി അപരന്മാര്ക്കെല്ലാം റോസാപ്പൂ നല്‍കിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.
Rose flower as election symbol of BJP candidate’s dupe; BJP against Election Commission