ബദിയടുക്ക/കുമ്പള: ബദിയടുക്കയിലും കുമ്പള ആരിക്കാടിയിലും കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ബദിയടുക്കയില്‍ ജ്വല്ലറി ഉള്‍പ്പെടെ നാല് കടകളിലാണ് കവര്‍ച്ച നടന്നത്. ആരിക്കാടിയില്‍ രണ്ട് കടകളും ഹോട്ടലും കുത്തിത്തുറന്നാണ് കവര്‍ച്ച. ബദിയടുക്ക മുകളിലെ ബസാറില്‍ നുള്ളിപ്പാടിയിലെ വേണുവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി മെഡിക്കല്‍ സ്റ്റോറിന്റെ ഷെട്ടര്‍ തകര്‍ത്താണ് കവര്‍ച്ച. ഇവിടെ നിന്ന് എന്ത് നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല. പെര്‍ഡാല സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ശ്രീലക്ഷ്മി ജ്വല്ലറി കുത്തിത്തുറന്ന് അരകിലോ വെള്ളി ആഭരണങ്ങളും രണ്ടായിരം രൂപയും കവര്‍ന്നു. ഗണേശിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. സമീപത്ത് പ്രവര്‍ത്തിക്കുന്ന ജ്ഞാനദേവ ഷേണായിയുടെ വളം ഡിപ്പോയിലും കവര്‍ച്ചയുണ്ടായി. ഇവിടെയും എന്ത് നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല.
ബദിയടുക്ക ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന അബൂബക്കറിന്റെ തട്ടുകടയില്‍ നിന്ന് സിഗരറ്റുകളും നേര്ച്ചപ്പെട്ടികളും മോഷണം പോയി. ബദിയടുക്ക പോലീസ് അന്വേഷണം നടത്തി വരുന്നു.
ആരിക്കാടിയിലെ മുനീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍, ടയര്‍ കട, മൊബൈല്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.
മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് 30,000 രൂപയും നാല് മൊബൈല്‍ ഫോണുകളും ഹോട്ടലില്‍ നിന്ന് 7,000 രൂപയും ടയര്‍ കടയില്‍ നിന്ന് ഒരു ടയറും കവര്‍ന്നിട്ടുണ്ട്. ഹോട്ടലിന്റെയും ടയര്‍ കടയുടെയും പിറക് വശത്തെ കമ്പികള്‍ അടര്‍ത്തിമാറ്റിയ നിലയിലാണ്. കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന പിക്കാസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.