കേരളത്തില്‍ ടൂറിസം മേഖലയ്ക്കുള്ള സാധ്യതകള്‍ വളരെ വലുതെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

ഭൂപരിഷ്‌കരണ നിയമം ആണ് എല്ലാ വികസനങ്ങളുടെയും അടിസ്ഥാനമെന്നും വിവിധ മാതൃകയിലുള്ള വീടുകള്‍ കാണപ്പെടുന്ന കേരളത്തില്‍ ടൂറിസം മേഖലയ്ക്കുള്ള സാധ്യതകള്‍ വളരെ വലുതെന്നും എം.എല്‍.എ

ബേക്കലം: കേരളത്തില്‍ ടൂറിസം മേഖലയ്ക്കുള്ള സാധ്യതകള്‍ വളരെ വലുതെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഹോം സ്റ്റേ സംരംഭക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതല്‍ മുടക്കില്ലാതെ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന സംരംഭമാണ് ഹോം സ്റ്റേ എന്നും അത് നടത്തുവാന്‍ തയ്യാറായ ഒരു മനസ്സ് മാത്രമാണ് വേണ്ടത് എന്നും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഗമം ഉദ്ഘാടനം ചെയ്ത് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു.

ഭൂപരിഷ്‌കരണ നിയമം ആണ് എല്ലാ വികസനങ്ങളുടെയും അടിസ്ഥാനമെന്നും വിവിധ മാതൃകയിലുള്ള വീടുകള്‍ കാണപ്പെടുന്ന കേരളത്തില്‍ ടൂറിസം മേഖലയ്ക്കുള്ള സാധ്യതകള്‍ വളരെ വലുതാണെന്നും ഈ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് ഇനിയും ഒരുപാട് പേര്‍ ഈ മേഖലയില്‍ ഉയര്‍ന്നു വരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

120 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം ഉള്ള അറ്റാച്ച് ഡ് ബാത് റൂമോട് കൂടിയ വീടുകളുള്ള ഏതൊരാള്‍ക്കും ഹോംസ്റ്റേ സംരംഭം തുടങ്ങാവുന്നതാണെന്ന് ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അക്രെഡിറ്റേഷന്‍ നേടിയെടുക്കണമെന്നും സ്ഥാപനത്തിന്റെ വെബ് സൈറ്റ് തയ്യാറാക്കി കൊണ്ടുള്ള പ്രമോഷന്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിസിറ്റിംഗ് കാര്‍ഡ്, താരിഫ് കാര്‍ഡ് എന്നിവ തയ്യാറാക്കി അതിഥികള്‍ക്ക് നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആയുര്‍വേദ കേന്ദ്രങ്ങളുമായി സഹകരിച്ച് അതിഥികള്‍ക്ക് ആവശ്യമായ ആയുര്‍വേദ ചികിത്സകള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോടിന്റെ ടൂറിസ്റ്റ് സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഏകദിന ടൂര്‍ പാക്കേജുകള്‍ ഹോം സ്റ്റേയുടെ ഭാഗമാക്കണമെന്നും നല്ല സമീപനത്തിലൂടെ കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വരവ് ചിലവ് കണക്കുകളുടെ കൃത്യമായ രേഖകള്‍ ഹോം സ്റ്റേ സംരംഭകന്റെ കയ്യിലുണ്ടായിരിക്കണമെന്നും ഹോംസ്റ്റേ സംരംഭകരെ സാമ്പത്തികമായി സഹായിക്കാന്‍ വ്യവസായ വകുപ്പിന് സാധിക്കുമെന്നും വ്യവസായം ജോയിന്റ് ഡയറക്ടര്‍ കെ സജിത് കുമാര്‍ പറഞ്ഞു. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഗ്രാമപഞ്ചാത്തുകള്‍ മുതല്‍ വ്യവസായ വകുപ്പ് ജീവനക്കാര്‍ വരെ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതിഥികളോടുള്ള നല്ല സമീപനമാണ് ഹോം സ്റ്റേയുടെ വിജയമെന്നും ചെലവ് കുറഞ്ഞ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ശക്തിപ്പെടുത്തുന്നതിനും പുതുതായി കടന്നുവരുന്ന വരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ആവശ്യമായ സഹകരണങ്ങള്‍ ടൂറിസം വകുപ്പില്‍ നിന്ന് ഉറപ്പാക്കുമെന്നും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശ്രീകുമാര്‍ പറഞ്ഞു. മുതല്‍മുടക്കിനോടൊപ്പം മലിനീകരണവും കുറഞ്ഞ ഒരു സംരംഭമാണ് ടൂറിസം എന്ന് ബിആര്‍ഡിസി ടെക്നിക്കല്‍ മാനേജര്‍ കെ എം. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹോസ്റ്റേ സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.സൂരജ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എ പി ദില്‍ന നന്ദിയും പറഞ്ഞു. ജില്ലയിലെ ഹോംസ്റ്റേ സംരംഭകരും ഹോസ്റ്റേ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളും പരിപാടിയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it