പെരിയ: ശ്രവണ വൈകല്യമുള്ളവരുടെ ആംഗ്യഭാഷാ കംപ്യൂട്ടറിന്റെ സഹായത്തോടെ തിരിച്ചറിയാനും ബധിരര്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് മനസിലാക്കാനുമുള്ള അല്‍ഗോരിതം വികസിപ്പിച്ചെടുത്ത് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷകര്‍. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി.എം. തസ്ലീമ, ഗവേഷക വിദ്യാര്‍ത്ഥിനി ഷബിന ഭാസ്കര്‍ എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്. ജൂണ്‍ 26ന് പോളണ്ടിലെ ജാന്‍ വൈസികോസ്കി സര്‍വ്വകലാശാലയില്‍ ഡാറ്റാ അനലിറ്റിക്സ് ആന്റ് മാനേജ്മെന്റ് എന്ന വിഷത്തില്‍ നടക്കുന്ന രണ്ടാമത് ഇന്തോ-യൂറോപ്യന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതിന് ഈ പ്രബന്ധം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച 20 പ്രബന്ധങ്ങളിലൊന്നായാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടേത് ഉള്‍പ്പെട്ടിട്ടുള്ളത്. ജാന്‍ വൈസികോസ്കി സര്‍വ്വകലാശാല, ഐഐഎസ് ജയ്പൂര്‍, ഹരിയാനയിലെ പാനിപ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് എന്നിവര്‍ സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
സമൂഹത്തിന് ഗുണകരമാകുന്ന നിരവധി ഗവേഷണങ്ങള്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ നടന്നുവരുന്നുണ്ട്. നേരത്തെ കംപ്യുട്ടര്‍ ആംഗ്യഭാഷാ രൂപകല്പനക്ക് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര് രാജേഷും അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന വി. ആദിത്യയും പേറ്റന്റ് കരസ്ഥമാക്കിയിരുന്നു. അപസ്മാരം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഹെല്‍മെറ്റിന്റെ രൂപകല്‍പ്പനക്ക് ഡോ. ആര്. രാജേഷ്, ഡോ. ടി.എം. തസ്ലീമ, ഗവേഷക വിദ്യാര്‍ത്ഥി ഫാസില്‍ ഒ.കെ. എന്നിവര്‍ക്കും പേറ്റന്റ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേട്ടം. 2016 മുതല്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം ആംഗ്യഭാഷയിലെ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ശരിയായ ആശയവിനിമയ സൗകര്യങ്ങളുടെ അഭാവം ബധിരര്‍ക്ക് വെല്ലുവിളിയാണ്. ഇത് പരിഹരിച്ച് ആശയവിനിമയം എളുപ്പത്തിലാക്കുകയാണ് ഗവേഷണങ്ങളിലൂടെ സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്.