തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ സംരക്ഷിച്ച് മുഖ്യമന്ത്രി. ശിവന്‍കുട്ടി ഇന്ന് രാവിലെ സഭയില്‍ എത്തിയിരുന്നില്ല. ശിവന്‍കുട്ടി രാജിവയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല, പേരെടുത്ത് പറഞ്ഞിട്ടുമില്ല. സഭയുടെ പ്രിവിലേജ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി. തോമസ് നല്കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നും വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് പിന്‍വലിക്കാനുള്ള അവകാശമുണ്ടോ ഇല്ലയോ എന്നതാണു വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമോ അസാധാരണമോ അല്ല. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അനാരോഗ്യം ചൂണ്ടിക്കാട്ടി വി. ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയില്ല. കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടണമെന്ന വിധി ഗുരുതരമാണെന്ന് പി.ടി. തോമസ് പറഞ്ഞു. മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.