കുവൈത്ത് സിറ്റി: ലോകം കോവിഡ് ഭീതിയില്‍ നിന്ന് മുക്തമാകാത്ത സാഹചര്യത്തില്‍ രാജ്യത്തെത്തുന്നവരുടെ പൂര്‍ണ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയുമായി കുവൈത്ത്. മറ്റു രാജ്യങ്ങളില്‍ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കുന്നവര്‍ ഇനി മുതല്‍ ‘മുന’ എന്ന ഇലക്ട്രോണിക് ശൃംഖലയില്‍ രജസിറ്റര്‍ ചെയ്തിരിക്കണം. ഇത് സംബന്ധിച്ച് വ്യോമയാന അധികൃതര്‍ മന്ത്രിസഭയുടെ അംഗീകാരത്തിനു നിര്‍ദേശം സമര്‍പ്പിച്ചതായി പ്രാദേശിക അറബ് ദിന പത്രം റിപോര്‍ട്ട് ചെയ്തു.
രാജ്യത്തേക്ക് വരുന്നതിനുമുമ്പ് എവിടെ വച്ച് പിസിആര്‍ പരിശോധന നടത്തി എന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാവും പുതിയ സംവിധാനം വഴി ലഭ്യമാകും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകരമുള്ള ലോകത്തിലെ മുഴുവന്‍ ലബോറട്ടറികളുമായും ‘മുനാ’ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും എളുപ്പത്തില്‍ സാധിക്കും.
കഴിഞ്ഞ മാസങ്ങളില്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കുവൈത്ത് വിമാനത്താവളത്തിലെത്തിയ ചില യാത്രക്കാര്‍ക്ക് വിമാനത്തവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പിസിആര്‍ പരിശോധനയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ അധികൃതര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.