മംഗളൂരു: കേരളത്തില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയിലും ജാഗ്രത. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവരെ പരിശോധിക്കാന്‍ തലപ്പാടി അതിര്‍ത്തിയില്‍ പ്രത്യേക കേന്ദ്രം തുറന്നു. കേരളത്തില്‍ നിന്നുമുള്ളവര്‍ക്കുള്ള കോവിഡ്പരിശോധനക്ക് പുറമെയാണ് തലപ്പാടിയില്‍ കര്‍ണാടകയുടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിപ വൈറസ് ഉണ്ടോയെന്ന പരിശോധനയും നടത്തുന്നത്. ഇതിന് പുറമെ കേരളത്തില്‍ നിന്ന് കൊണ്ടുവരുന്ന റമ്പൂട്ടാനും ഡ്രാഗണ്‍ഫ്രൂട്ടും അടക്കമുള്ള പഴവര്‍ഗങ്ങള്‍ കര്‍ണാടകയില്‍ വില്‍പ്പന നടത്തുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. കേരളത്തില്‍ നിപ വൈറസ് ബാധിച്ച് പന്ത്രണ്ടുകാരന് മരണപ്പെട്ടിരുന്നു. റമ്പൂട്ടാന്‍ പഴത്തില്‍ നിന്നാണ് കുട്ടിക്ക് വൈറസ്ബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തിയത്. ഈ റമ്പൂട്ടാന്‍ പഴം വവ്വാല് ഭക്ഷിച്ചതായും പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് കൊണ്ടുവരുന്ന പഴവര്‍ഗങ്ങള്‍ കര്‍ണാടകയില്‍ വില്‍പ്പന നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. നിപ വൈറസിന്റെ ലക്ഷണങ്ങളുള്ളവരെ അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയക്കുമെന്ന് എസിപി രഞ്ജിത്ത് ബന്ദാരു അറിയിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടായാല്‍ പോലും അവരുടെ ശരീര താപനില ഉയര്‍ന്ന നിലയിലാണെങ്കില്‍ കര്‍ണാടകയിലേക്ക് യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് എസിപി വ്യക്തമാക്കി.