നീലേശ്വരത്ത് കരാറുകാരന്റെ വീട്ടില്‍ കവര്‍ച്ചാശ്രമം; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

മൂവാറ്റുപുഴ സ്വദേശിയും പശ്ചിമ ബംഗാളില്‍ സ്ഥിരതാമസക്കാരനുമായ നൗഫലിനെയാണ് അറസ്റ്റുചെയ്തത്

കാഞ്ഞങ്ങാട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചായ്യോം നരിമാളത്ത് കരാറുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പൊലീസ് പിടിയിലായി. മൂവാറ്റുപുഴ സ്വദേശിയും പശ്ചിമ ബംഗാളില്‍ സ്ഥിരതാമസക്കാരനുമായ നൗഫലിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കരാറുകാരനായ നരിമാളത്തെ സുരേഷ് പെരിങ്കളത്തിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. സുരേഷിന്റെ വീടിന്റെ പിന്നാമ്പുറത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി കവര്‍ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സുരേഷ് ഉണര്‍ന്ന് ലൈറ്റ് ഇട്ടപ്പോള്‍ നൗഫല്‍ ഓടിരക്ഷപ്പെട്ടു.

വീടിന്റെ പിന്നാമ്പുറത്തെ വാതിലിന്റെ രണ്ട് ടവര്‍ ബോള്‍ട്ടുകള്‍ മോഷ്ടാവ് അറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തി. സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. സുരേഷ് വിവരമറിയിച്ചതിനെ തുടര്‍ന്ന് നീലേശ്വരം എസ്.ഐ കെ.വി.രതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അതില്‍ നൗഫലിനെ കണ്ടു. നൗഫല്‍ ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയോടിയെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

നൗഫലിനെ ചോദ്യം ചെയ്തപ്പോള്‍ പശ്ചിമ ബംഗാളില്‍ സ്ഥിരതാമസമാക്കി കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണെന്ന് വ്യക്തമായി. കഴിഞ്ഞ ജൂണ്‍ 11 ന് മലപ്പുറം അങ്ങാടിപ്പുറം മില്ലുംപടിയിലെ വീട്ടില്‍ നിന്നും 90 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഇയാളെ മലപ്പുറം പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കവര്‍ച്ചയ്‌ക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it