നീലേശ്വരം റെയില്‍ വേ ട്രാക്ക് നിര്‍മാണം പുരോഗമിക്കുന്നു; കണ്ണൂരില്‍ നിന്ന് ട്രെയിനുകള്‍ നീട്ടണമെന്ന് ആവശ്യം

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ട്രാക്ക് ഡെഡ് എന്‍ഡ് ട്രാക്കായി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡെഡ് എന്‍ഡ് ട്രാക്കായി നിര്‍മിച്ചാല്‍ കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് , ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു എന്നിവയ്ക്ക് നീലേശ്വരം വരെ സര്‍വീസ് നടത്താനാവുമെന്നാണ് നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നത്. ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള മെമു രാവിലെ 9ന് കണ്ണൂരില്‍ എത്തി യാത്ര അവസാനിപ്പിക്കുകയാണ്് നിലവില്‍ ചെയ്യുന്നത്. വൈകീട്ട് 5.30 വരെ കണ്ണൂരില്‍ വെയിലും മഴയും കൊണ്ട് കിടക്കുന്ന മെമു മംഗളൂരുവിലേക്ക് നീട്ടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും റെയില്‍വേ അധികൃതര്‍ കണ്ട മട്ടില്ല. നീലേശ്വരത്ത് പുതിയ ട്രാക്കില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയാല്‍ നിരവധി യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും. രാത്രി 11.30ന് ശേഷം കണ്ണൂരിലെത്തുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിനെ ഉത്തര മലബാറിലേക്കുള്ള നിരവധി യാത്രക്കാരാണ് ആശ്രയിക്കുന്നത്. രാത്രി ക്ണ്ണൂരില്‍ ഇറങ്ങി അവിടുന്ന് ബസ് സ്റ്റാന്‍ഡിലേക്ക് ഓടി വേണം കാസര്‍കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് പിടിക്കാന്‍. മലബാറിലേക്കുള്ള രാത്രി യാത്രാ ദുരിതം നിരവധി തവണ അധികാരികളുടെ മുന്നിലെത്തിച്ചിട്ടും ഇതുവരെ പരിഹാരമായിട്ടില്ല. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സൗകര്യമൊരുക്കിയാല്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് നീലേശ്വരം വരെ നീട്ടാനാവുമെന്നും പ്രസിഡന്റ് നന്ദകുമാര്‍ കോറോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.