കുടുംബശ്രീ സർഗോത്സവം അരങ്ങ് - 2025ന് തുടക്കം

കയ്യൂർ: കുടുംബശ്രീ-അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ സര്‍ഗോത്സവം അരങ്ങ് 2025ന് കയ്യൂരിൽ തുടങ്ങി. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ കലോത്സവത്തില്‍ 49 ഇനങ്ങളിലായി ജില്ലയിലെ നാല് താലൂക്കുകളിലായി നടന്ന താലൂക്ക് തല കലോത്സവത്തില്‍ വിജയികളായ 1500 പ്രതിഭകള്‍ മാറ്റുരയ്ക്കും. 33 സ്റ്റേജ് മത്സരങ്ങളും 16 സ്റ്റേജിതര മത്സരങ്ങളും ആണ് നടക്കുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ ക്രമീകരിച്ചിട്ടുള്ള തേജസ്വിനി, ചന്ദ്രഗിരി എന്നീ വേദികളിലാണ് സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറുന്നത്.എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സി.എച്ച് ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അഡ്വ. എ.പി ഉഷ, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ജി അജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സുമേഷ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ബി ഷീബ, എം കുഞ്ഞിരാമന്‍, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാരായ കെ.സുകുമാരന്‍, പി.ശശിധരന്‍, സി.യശോദ,വാര്‍ഡ് മെമ്പര്‍ പി.ലീല, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രതിനിധി കിഷോര്‍കുമാര്‍, പിലിക്കോട് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.ശാന്ത, നീലേശ്വരം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, പടന്ന കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീന തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയര്‍പേഴ്‌സണുമായ പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതവും കയ്യൂര്‍ ചീമേനി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.രജിത നന്ദിയും പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it