ഡോ. ഹരിദാസിന്റെ അന്ത്യവിശ്രമം നീലേശ്വരത്ത് തന്നെ; ജനകീയനായ വിഷ ചികിത്സകന് വിട

വിഷ ചികിത്സയില്‍ ജില്ലക്കകത്തും പുറത്തും ഏറെ ജനകീയനായിരുന്നു അദ്ദേഹം

നീലേശ്വരം: തിങ്കളാഴ്ച അന്തരിച്ച പ്രമുഖ വിഷ ചികിത്സാ വിദഗ്ധന്‍ ഡോ ഹരിദാസ് വോര്‍ക്കോട്ടിന്റെ അന്ത്യകര്‍മങ്ങള്‍ നീലേശ്വരത്ത് നടന്നു. പാലക്കാട് കോങ്ങാട് സ്വദേശിയാണെങ്കിലും അദ്ദേഹത്തിന്റെ ദീര്‍ഘകാല സേവനം നീലേശ്വരത്തായിരുന്നു. ഇത് കണക്കിലെടുത്താണ് അന്ത്യകര്‍മങ്ങള്‍ നീലേശ്വരത്ത് തന്നെ നടത്താന്‍ കുടുംബം തീരുമാനിച്ചത്. രാവിലെ 9.30 ഓടെ മൃതദേഹം ചിറപ്പുറത്തെ വീട്ടില്‍ എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം ആലിന്‍കീഴിലെ നഗരസഭാ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. പാമ്പ് വിഷ ചികിത്സയില്‍ ജില്ലക്കകത്തും പുറത്തും ഏറെ ജനകീയനായിരുന്നു അദ്ദേഹം.അധികമാരും കടന്നുവരാത്ത ടോക്‌സിക്കോളജി എന്ന മേഖലയില്‍ വിദഗ്ധനായിരുന്ന ഡോക്ടര്‍ ഹരിദാസിന്റെ വേര്‍പാട് ജില്ലയ്ക്ക് കനത്ത നഷ്ടമാണ്. വിഷബാധയുണ്ടായാല്‍ ആദ്യം എത്തുന്നത് ഡോ ഹരിദാസിന്റെ അടുത്തായിരുന്നു. വിഷചികിത്സയില്‍ സ്വതസിദ്ധമായ ശൈലിയും അദ്ദേഹം പിന്തുടര്‍ന്നിരുന്നു. 1968ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പാസ്സായി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ നെഫ്രോളജി കോഴ്‌സ് പൂര്‍ത്തിയാക്കി. ബറോഡയില്‍ നിന്ന് എ.സി.സി.യു - ചൈനീസ് സിസ്റ്റം ഓഫ് ട്രീറ്റ്‌മെന്റില്‍ മെറിറ്റോറിയല്‍ എം.ഡി സര്‍ട്ടിഫിക്കറ്റ് നേടി.

1971ല്‍ കേരള ഹെല്‍ത്ത് സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് അദ്ദേഹത്തിന്റെ കര്‍മപഥത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് മടിക്കൈ, കരിന്തളം, തൈക്കടപ്പുറം ഡിസ്‌പെന്‍സറികളില്‍ സേവനമനുഷ്ഠിച്ചു. 13 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ നിന്ന് രാജിവെച്ചാണ് ചിറപ്പുറത്ത് സ്വന്തമായി ക്ലിനിക്കിന് തുടക്കമിടുന്നത്. നാലരപ്പതിറ്റാണ്ടിലധികം അദ്ദേഹം സേവനം അനുഷ്ഠിച്ചു. അമേരിക്കയിലെ പ്രശസ്ത പാമ്പ് വളര്‍ത്തല്‍ വിദഗ്ധനായ റോമിലസ് വിറ്റാര്‍ക്കര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ബൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡ് എന്ന ആനിമല്‍ പ്ലാനറ്റ് ചാനല്‍ ഡോക്യുമെന്ററിയില്‍ പ്രധാന വേഷത്തിലെത്തി. ഡിസ്‌കവറി ചാനലും ബിബിസിയും ഇത് സംപ്രേഷണം ചെയ്തിരുന്നു.

ഭാര്യ പരേതയായ ഗീത കുറുപ്പത്ത്, മക്കൾ - ഡോ. രാധിക മനോജ് (യു.കെ), രഞ്ജിത്ത് ഗൗതം

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it