മംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക ഭരണം ലക്ഷ്യമിട്ടുവെന്ന് സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ കുറ്റപത്രത്തില്‍ എന്‍.ഐ.എ. 2047ല്‍ രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പി.എഫ്.ഐ ലക്ഷ്യമിട്ടതെന്നാണ് എന്‍.ഐ.എയുടെ ഗുരുതര കണ്ടെത്തല്‍. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ബംഗളുരു പ്രത്യേക എന്‍.ഐ.എ കോടതിയില്‍ നല്കിയ കുറ്റപത്രത്തിലാണ് ഈ പരാമര്‍ശം.
ആളുകളെ ലക്ഷ്യമിട്ട് കൊല്ലാന്‍ പദ്ധതി രൂപീകരിച്ചുവെന്നും ഇതിനായി കില്ലര്‍ സ്ക്വാഡുകള്‍, അഥവാ സര്‍വീസ് ടീമുകളെ രൂപീകരിച്ചുവെന്നും കുറ്റപത്രത്തില്‍ എന്‍.ഐ.എ പറയുന്നു. ഇവര്‍ക്ക് ആയുധ പരിശീലനവും സര്‍വൈലന്‍സ് പരിശീലനവും അടക്കം നല്‍കിയെന്നും എന്‍.ഐ.എ കണ്ടെത്തി. ആയുധ വിതരണത്തിനായി സര്‍വീസ് ടീമും കൃത്യനിര്‍വഹണത്തിന് കില്ലര്‍ സ്ക്വാഡും രൂപീകരിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സമൂഹത്തില്‍ തീവ്രവാദം വളര്‍ത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു പ്രവീണ്‍ നെട്ടാരു കൊലപാതകം എന്നും കുറ്റപത്രത്തില്‍ എന്‍.ഐ.എ പറയുന്നു. കഴിഞ്ഞ ജൂലൈ 26 നാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്.
പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 20 പ്രവര്‍ത്തകര്‍ക്കെതിരെയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. മുഹമ്മദ് ഷിയാബ്, അബ്ദുള്‍ ബഷീര്‍, റിയാസ്, മുസ്തഫ പായിച്ചാര്‍, മസൂദ് കെ എ, കൊടാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കര്‍ സിദ്ദിഖ്, നൗഫല്‍ എം, ഇസ്മായില്‍ ഷാഫി കെ, കെ മുഹമ്മദ് ഇഖ്ബാല്‍, ഷഹീദ് എം, മുഹമ്മദ് ഷഫീഖ് ജി, ഉമ്മര്‍ ഫാറൂഖ് എം.ആര്, അബ്ദുല്‍ കബീര്‍ സി. എ, മുഹമ്മദ് ഇബ്രാഹിം ഷാ, സൈനുല്‍ ആബിദ് വൈ, ഷെയ്ഖ് സദ്ദാം ഹുസൈന്, സക്കിയാര് എ, എന്‍ അബ്ദുള്‍ ഹാരിസ്, തുഫൈല്‍ എം.എച്ച്. എന്നിവര്‍ക്കെതിരെയാണ് ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളില്‍ മുസ്തഫ പായിച്ചാര്‍, മസൂദ് കെ.എ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ബെല്ലാരെ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയതെങ്കിലും പിന്നീട് ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.