കാസര്‍കോട്: സകല ജീവികളോടും സഹാനുഭൂതി കാണിക്കുകയും പകരം വെക്കാനില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാ സാരഥ്യത്തിന് സൗന്ദര്യം പകരുകയും ചെയ്ത കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍.എച്ച് അന്‍വറിന്റെ സേവനം കാലം എപ്പോഴും സ്മരിക്കുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി എയിഡം സി.എം.ഡിയുമായ വെങ്കിടേഷ് രാമകൃഷ്ണന് പറഞ്ഞു. പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും അന്‍വറിന്റെ ഓര്‍മ്മയ്ക്കായി ‘എന്റെ കണ്മണിക്ക്’ എന്ന പേരില്‍ സമ്മാനിക്കുന്ന ആദ്യത്തെ പാരിതോഷികം അദ്ദേഹത്തിന്റെ ഹൃദയ നൈര്മല്യത്തിന് സി.ഒ.എ സമര്‍പ്പിക്കുന്ന ആദരമാണെന്നും വെങ്കിടേഷ് രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
എന്‍.എച്ച് അന്‍വറിന്റെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയും സി.സി.എന്നും അന്‍വര്‍ ട്രസ്റ്റും സംയുക്തമായി കാസര്‍കോട്ട് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍വറിന്റെ ആദ്യ തട്ടകമായ കാസര്‍കോട്ട് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു സാംസ്കാരിക സ്ക്വയര്‍ നിര്‍മ്മിക്കാന്‍ സി.ഒ.എ രംഗത്തു വരണമെന്നും ഇതിന് എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള സഹായം ലഭ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍ മുഖ്യാതാഥിയായിരുന്നു. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഫണ്ട് സിഡ്കോ പ്രസിഡണ്ട് കെ. വിജയകൃഷ്ണന് കൈമാറി. കെ.സി.ബി.എല്‍ എം.ഡി പ്രജീഷ് അച്ചാണ്ടി കാരുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എറണാകുളം വി.പി.എസ് ലേക്ഷോര് ആസ്പത്രി എം.ഡി അഡ്വ. എസ്.കെ അബ്ദുല്ല ഫസ്റ്റ് ഗിഫ്റ്റുകള്‍ കൈമാറി. എ.ഡി.എച്ച്.എസ് ഡോ. എ. ജമാല്‍ അഹമ്മദ് ഏറ്റുവാങ്ങി. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി. നായര്‍ സ്വാഗതവും സി.സി.എന്‍ ചെയര്മാന് കെ. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം. ലോഹിതാക്ഷന്, ജില്ലാ സെക്രട്ടറി എം.ആര് അജയന്, സി.സി.എന്‍ എം.ഡി മോഹനന് ടി.വി, മേഖലാ സെക്രട്ടറി കെ. സുനില്‍കുമാര്‍ സംസാരിച്ചു.