നിയമ വിദ്യാര്‍ഥിനിയായ നവവധു ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

പയ്യോളി: നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടന്‍ ചാലില്‍ കേശവ് നിവാസില്‍ ഷാനിന്റെ ഭാര്യ ആര്‍ദ്ര (24) ആണ് മരിച്ചത്. ചേലിയയിലെ ബാലകൃഷ്ണന്‍- ഷീന ദമ്പതികളുടെ മകളാണ്.

കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രാത്രി 8 മണിയോടെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയ ആര്‍ദ്ര 9 മണി ആയിട്ടും പുറത്തിറങ്ങാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഷാന്‍ ചെന്ന് നോക്കിയപ്പോഴാണ് കുളിമുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍ തന്നെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. മരണം ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തി. മൃതദേഹം പിന്നീട് പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഫെബ്രുവരി രണ്ടിന് ആയിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്‍ദ്ര. മാര്‍ച്ച് മൂന്നിന് ഷാന്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് ആര്‍ദ്രയുടെ മരണം. മരണകാരണം വ്യക്തമല്ല.ആര്യ ഏക സഹോദരിയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)

Related Articles
Next Story
Share it