കാസര്‍കോട്: പുതിയ കാസര്‍കോട് ജില്ലാ കോടതി ജഡ്ജി ആഗസ്റ്റ് 11ന് ചുമതലയേല്‍ക്കും. കെ.കെ. ബാലകൃഷ്ണനെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയായിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളം സി.ബി.ഐ. കോടതി ജഡ്ജിയായിരുന്ന ബാലകൃഷ്ണനെ കാസര്‍കോട് ജില്ലാ കോടതി ജഡ്ജിയായി നിയമിച്ചത്.
കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ ബാക്കി നില്‍ക്കെയാണ് കൃഷ്ണകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. റിയാസ് മൗലവി വധക്കേസിന്റെ അന്തിമവാദം അടക്കം നടന്നത് കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു. അദ്ദേഹം വിരമിച്ചതോടെ ജില്ലാ കോടതിയിലെ കേസുകളുടെ താല്‍ക്കാലിക ചുമതല മറ്റൊരു ജഡ്ജിക്കാണ്. ഈ ജഡ്ജി റിയാസ് മൗലവി വധക്കേസ് ഇന്നലെ പരിഗണിക്കുകയും ആഗസ്റ്റ് 17ലേക്ക് മാറ്റിവെക്കുകയും ചെയ്തു. കേസില്‍ വിധി പറയുന്നതിനുള്ള തീയ്യതി തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
റിയാസ് മൗലവി വധക്കേസില്‍ ഹാജരായിരുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മരണപ്പെട്ടതോടെ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.