കാഞ്ഞങ്ങാട്: വടക്കുംനാഥന്റെ മണ്ണില്‍ അരങ്ങേറിയ പുലിക്കളികള്‍ക്ക് ചായമൊരുക്കാന്‍ കാഞ്ഞങ്ങാട് സ്വദേശിയും. ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയനായ ആര്‍ട്ടിസ്റ്റ് ബാലന് സൗത്തിനാണ് പുലി ചമയങ്ങളൊരുക്കാനുള്ള ഭാഗ്യം ലഭിച്ചത്. പ്രധാന പുലിക്കളി സംഘമായ വിയ്യൂര്‍ ദേശത്തിലെ കലാകാരന്മാര്ക്ക് വേണ്ടി ചമയമൊരുക്കാനാണ് ബാലന് അവസരമുണ്ടായത്. തൃശ്ശൂരില്‍ ഒരു ഇന്റീരിയര്‍ ചിത്രപ്പണിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ബാലന്. പുലികളെ തയ്യാറാക്കുന്നത് കാണണമെന്ന് നേരത്തെ ആഗ്രഹിച്ചതായിരുന്നു. സുഹൃത്ത് പ്രസാദിനൊപ്പമാണ് വിയ്യൂര്‍ ദേശക്കാരുടെ പുലിച്ചമയം കാണാനെത്തിയത്. അതിനിടെ ബാലന്റെ കലാവൈഭവത്തെ കുറിച്ചറിഞ്ഞ സംഘാടകര്‍ ബ്രഷും ചായവും നല്കി ബാലനെയും പുലിച്ചമയമൊരുക്കാന് സ്നേഹപൂര്‍വം ക്ഷണിക്കുകയായിരുന്നു. ചിത്രം പൂര്‍ത്തിയായപ്പോള്‍ മികവ് കണ്ട് അവര്‍ ബാലനെ അഭിനന്ദിക്കുകയായിരുന്നു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തി ശ്രദ്ധേയനായ കലാകാരനാണ് ബാലന്. തൃശ്ശൂരിലെ പുലിച്ചമയം ഒരുക്കാനായത് ഭാഗ്യമായി കരുതുന്നതായി ബാലന് പറഞ്ഞു.