വിമാനത്തില്‍ തന്റെ ഭാര്യയും ഉണ്ടെന്ന് പൈലറ്റിന്റെ അനൗണ്‍സ്‌മെന്റ്; കയ്യടിച്ച് യാത്രക്കാര്‍; പിന്നീട് സംഭവിച്ചത് ഹൃദയം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍
ഇത് തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്നും കാരണം ഇത് ഭര്‍ത്താവിനോടൊപ്പമുള്ള തന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നുവെന്നും യുവതി

മുംബൈ: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അത് നമുക്ക് ഇഷ്ടപ്പെട്ട ഒരാള്‍ക്കൊപ്പമാകുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരിക്കും ഉണ്ടാകുക. നിങ്ങളുടെ ബോര്‍ഡിംഗ് പാസുകളുടെ മനോഹരമായ ചിത്രങ്ങള്‍ എടുക്കുന്നത് മുതല്‍ വിമാനത്തില്‍ ലഘുഭക്ഷണം പങ്കിടുന്നതും കൈകള്‍ പിടിച്ച് പൊങ്ങിക്കിടക്കുന്ന മേഘങ്ങളെ കാണുന്നതും വരെ, ഓരോ ചെറിയ പ്രവൃത്തിയും സന്തോഷം നല്‍കുന്നതായിരിക്കും.
എന്നാല്‍ നിങ്ങളുടെ പങ്കാളി പൈലറ്റായ ഒരു വിമാനത്തിലാണ് യാത്രയെങ്കിലോ? സന്തോഷം പറഞ്ഞിയിക്കാനേ ആവില്ല. അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിമാനം യാത്ര ചെയ്യാനൊരുങ്ങവെ പൈലറ്റ് തന്റെ ഭാര്യയെ മറ്റ് യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന വീഡിയോ ആണ് ഇന്റര്‍നെറ്റിനെ വികാരഭരിതമാക്കിയത്.
സെപ്റ്റംബറില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ലിപ്പില്‍ വിന്‍ഡോ സീറ്റിലിരിക്കുന്ന ഒരു യുവതിയെ കാണാം. താമസിയാതെ, പൈലറ്റ് മനോഹരമായ ഒരു പ്രീ-ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റ് നടത്തി. 'ഞങ്ങള്‍ക്ക് ഒരു വിശിഷ്ടാതിഥിയുണ്ട്. ഒമ്പതാം നിരയിലെ സീറ്റായ എയില്‍ ഇരിക്കുന്നത് എന്റെ ഭാര്യയാണ്. അവളെ ഒന്ന് നാണിപ്പിക്കാന്‍ ദയവായി അവള്‍ക്ക് ഒരു കൈയ്യടി നല്‍കുക'. എന്നായിരുന്നു പൈലറ്റിന്റെ അനൗണ്‍സ്‌മെന്റ്. ഇത് കേട്ടതോടെ യുവതി നാണം കൊണ്ട് മുഖം മറയ്ക്കുന്നത് വീഡിയോയില്‍ കാണാം. യാത്രക്കാര്‍ പൈലറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വേണ്ടി കൈയടിക്കുകയും ചെയ്തു.
അതിനുശേഷം, പൈലറ്റ് തന്റെ സിഗ്‌നേച്ചര്‍ ശൈലിയില്‍ പ്രഖ്യാപനം തുടര്‍ന്നു. 'നന്ദി. ബര്‍മിംഗ് ഹാമില്‍ ലാന്‍ഡ് ചെയ്തതിനുശേഷം എനിക്ക് അത് കൈകാര്യം ചെയ്യേണ്ടി വരും. എന്തായാലും, യാത്രയ്ക്ക് ഞാന്‍ ഏകദേശം ഒരു മണിക്കൂറും 14 മിനിറ്റും എടുക്കും' അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ പൈലറ്റ് തന്നെ നിങ്ങളുടെ ഭര്‍ത്താവും ആകുമ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് തനിക്ക് മറക്കാനാകാത്ത ഒരു അനുഭവമാണെന്നും കാരണം ഇത് ഭര്‍ത്താവിനോടൊപ്പമുള്ള തന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നുവെന്നും യുവതി കുറിച്ചു.
സമൂഹ മാധ്യമങ്ങളില്‍ നിരവധിയാളുകളാണ് പൈലറ്റിനെയും ഭാര്യയെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്. പെണ്‍കുട്ടി ജീവിതത്തില്‍ വിജയിച്ചുവെന്നായിരുന്നു ഒരാളുടെ കമന്റ്. സൂപ്പര്‍ ഡ്യൂപ്പര്‍ മെഗാ ക്യൂട്ട് എന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചത്. എല്ലാ യാത്രക്കാര്‍ക്കും ഏറ്റവും സുരക്ഷിതമായ വിമാന യാത്രയായിരിക്കും ഇതെന്ന് ഉറപ്പാണെന്ന കമന്റും ഉണ്ടായി. വിമാനം ലാന്‍ഡ് ചെയ്തുകഴിഞ്ഞാല്‍ അവര്‍ക്ക് ഒരു നീണ്ട മീറ്റിംഗ് ഉണ്ടായിരിക്കുമെന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇതിനോടകം തന്നെ വീഡിയോ 86 ദശലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

