ഡല്‍ഹി സ്‌ഫോടനം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ചാവേര്‍ 3 മണിക്കൂര്‍ മുമ്പ് തന്നെ കാറില്‍ എത്തി, കാത്തിരുന്നത് എന്തിന്?

ഫരീദാബാദ് ഭീകരവാദ മൊഡ്യൂളുമായി ബന്ധമുള്ള ഡോ. മുഹമ്മദ് ഉമര്‍ ആണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന

ഡല്‍ഹി: കഴിഞ്ഞദിവസം രാജ്യത്തെ ഞെട്ടിച്ച ചെങ്കോട്ട സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊട്ടിത്തെറിച്ചതായി സംശയിക്കപ്പെടുന്ന ഹ്യൂണ്ടായ് i20, സ്‌ഫോടനം നടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് തന്നെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയിരുന്നതായാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാഹനം വൈകുന്നേരം 3.19 ന് പള്ളിയോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ പ്രവേശിച്ചു, തിങ്കളാഴ്ച വൈകുന്നേരം 6.48 വരെ അവിടെ തന്നെ തുടര്‍ന്നു. ഫരീദാബാദ് ഭീകരവാദ മൊഡ്യൂളുമായി ബന്ധമുള്ള ഡോ. മുഹമ്മദ് ഉമര്‍ ആണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു.

ഡ്രൈവര്‍ കൈ കാറിന്റെ വിന്‍ഡോ ഗ്ലാസില്‍ വച്ചുകൊണ്ട് കാര്‍ പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് ഒരു ചിത്രത്തില്‍ കാണാം. കാറിന്റെ ഡ്രൈവറെ മറ്റൊരു ചിത്രത്തില്‍ കാണാം. നീലയും കറുപ്പും കലര്‍ന്ന ടീ ഷര്‍ട്ടാണ് ഡ്രൈവര്‍ ധരിച്ചിരുന്നത്. മൂന്നാമത്തെ ചിത്രത്തില്‍ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ റോഡില്‍ എച്ച് ആര്‍ 26CE7674 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ കിടക്കുന്നതായി കാണാം.

മൂന്നു മണിക്കൂറോളം അദ്ദേഹം പുറത്തിറങ്ങാതെ വാഹനത്തിനുള്ളില്‍ തന്നെ കഴിഞ്ഞു. വൈകുന്നേരം 7 മണിക്ക് മുമ്പ് അദ്ദേഹം സ്ഥലം വിട്ടു, മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപമുള്ള സുഭാഷ് മാര്‍ഗിലെ ട്രാഫിക് സിഗ്‌നലില്‍ വന്‍ സ്‌ഫോടനം നടക്കുകയും ചെയ്തു.

വാഹനത്തിലുണ്ടായിരുന്നത് ഡോ. ഉമര്‍ തന്നെയാണോ എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, എന്തുകൊണ്ടാണ് അദ്ദേഹം മൂന്ന് മണിക്കൂര്‍ വാഹനത്തില്‍ തന്നെ തുടര്‍ന്നതെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹം ആരുടെയെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരുന്നതാണോ എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. സ്ഥലത്ത് കൂടുതല്‍ ആളുകളും വാഹനങ്ങളും എത്തി പരമാവധി നാശനഷ്ടങ്ങള്‍ ഉറപ്പാക്കാന്‍ പീക്ക് അവറിനായി അദ്ദേഹം കാത്തിരുന്നതാണോ എന്നാണ് ഇനി അറിയേണ്ടത്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമര്‍ അല്‍ ഫലാ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂളെന്ന പേരില്‍ ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസ്സമ്മില്‍ ഷക്കീല്‍ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമര്‍ ഫരീദാബാദില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അതേത്തുടര്‍ന്നാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് സൂചനകള്‍. അതേസമയം, ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ റെയ്ഡുകളില്‍ 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

ആക്രമണം നടത്താന്‍ ഡോ. ഉമര്‍ മുഹമ്മദ് അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ഉപയോഗിച്ചതായും അനുമാനങ്ങളുണ്ട്. 'അവര്‍ കാറില്‍ ഒരു ഡിറ്റണേറ്റര്‍ സ്ഥാപിച്ച് ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്ത് ഭീകരാക്രമണം നടത്തി,' എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.

സ്ഫോടനത്തെ തുടര്‍ന്ന് തിരക്കേറിയ സ്ഥലത്ത് മൃതദേഹങ്ങളും തകര്‍ന്ന കാറുകളും ചിതറിക്കിടക്കുകയായിരുന്നു. ഫൊറന്‍സിക് തെളിവുകളും ഇന്റലിജന്‍സ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


Related Articles
Next Story
Share it