പിതാവ് കാതില്‍ ഓതിയ തബല ഈണം.. പിന്നെ സംഗീതത്തില്‍ തൊട്ടതെല്ലാം പൊന്ന്..

മുംബൈ: തബലയിലെ വിഖ്യാതനായ സക്കീര്‍ ഹുസൈന്‍ എട്ട് വര്‍ഷം മുമ്പാണ് അത് വിവരിച്ചത്. 1951 മാര്‍ച്ച് 9ന് ആണ് അദ്ദേഹം മുംബൈയില്‍ ജനിച്ചത്. സാക്കിര്‍ ഹുസൈന്റെ ജനന സമയത്ത് പിതാവും പ്രശസ്ത തബല മാന്ത്രികനുമായ അല്ലാ രാഖ ചെവിയില്‍ മന്ത്രിച്ചത് പ്രാര്‍ഥനകള്‍ക്ക് പകരം സംഗീതോപകരണങ്ങളുടെ ഈണങ്ങളായിരുന്നു. പിതാവിനെ കുറിച്ചോര്‍ക്കുമ്പോള്‍ സക്കിര്‍ ഹുസൈന്റെ ഓര്‍മകളില്‍ മുഴുവന്‍ സംഗീതമായിരുന്നു. അനുഗ്രഹീതനായ തബലവാദകനായിരുന്നു അല്ലാ രാഖ. സിത്താര്‍ ഇതിഹാസം പണ്ഡിറ്റ് രവിശങ്കറിന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.

''ജനിച്ചതിന് ശേഷം വീട്ടിലേക്ക് വന്ന സമയത്ത് പിതാവ് തന്നെ കൈകളിലേക്ക് എടുത്ത് ചെവിയില്‍ പ്രാര്‍ഥന ചൊല്ലേണ്ടതുണ്ട്. ആദ്യമായി വീട്ടിലേക്കെത്തുന്ന കുഞ്ഞിനെ സ്വാഗതം ചെയ്യുന്ന പരമ്പരാഗത ചടങ്ങാണത്. അദ്ദേഹം എന്നെ കൈകളിലേക്കെടുത്തു. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ എന്റെ ചെവിയോടടുപ്പിച്ച് ഓതിയത് തബല ഈണങ്ങളായിരുന്നു. പക്ഷെ ഇത് കണ്ട് മാതാവ് കുറച്ച് ദേഷ്യപ്പെട്ടിരുന്നെന്നും അറിയാന്‍ കഴിഞ്ഞു'' സക്കീര്‍ ഹുസൈന്‍ ഇങ്ങനെയാണ് വെളിപ്പെടുത്തിയത്.'' പക്ഷെ അദ്ദേഹം അന്ന് ചെവിയില്‍ ഓതിയതാണ് എന്റെ പ്രാര്‍ത്ഥന. ഇങ്ങനെയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്'' സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.

അല്ലാ രാഖയുടെ സ്വപ്‌നം പോലെ സക്കീര്‍ ഹുസൈന്‍ പിന്നെ തബലയില്‍ തൊട്ടതെല്ലാം പൊന്നായി. പ്രശസ്തിയുടെ കൊടുമുടികള്‍ ഓരോന്നായി കീഴടക്കുകയായിരുന്നു.

ത്. 12ാം വയസ്സില്‍ തന്നെ തന്റെ പിതാവിനൊപ്പവും സംഗീത കുലപതികളായ പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് അലി അക്ബര്‍ ഖാന്‍, ബിസ്മില്ലാ ഖാന്‍, പണ്ഡിറ്റ് ശാന്താ പ്രസാദ് , പണ്ഡിറ്റ് കിഷന്‍ മഹാരാജ് എന്നിവരോടൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞു. സംഗീതപരിപാടിക്ക് ശേഷം പിതാവിന്റെ കയ്യില്‍ നിന്ന് ആദ്യമായി ലഭിച്ച അഞ്ച് രൂപയാണ് താന്‍ ജീവിതത്തില്‍ എന്നെന്നും വിലമതിക്കുന്നതെന്നായിരുന്നു സക്കീര്‍ ഹുസൈന്‍ പറഞ്ഞത്.

ബീറ്റില്‍സ് ഉള്‍പ്പെടെ നിരവധി ലോക പ്രശസ്ത പോപ് ബാന്‍ഡുമായി ചേര്‍ത്ത് അദ്ദേഹം പ്രവര്‍ത്തിച്ചു.1999-ല്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ തിളങ്ങിയിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച സമകാലിക ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.

കേരളത്തോടും കേരളത്തിന്റെ സംഗീത പാരമ്പര്യങ്ങളോടും സക്കീര്‍ ഹുസൈന്‍ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു.പല തവണ കേരളം സന്ദര്‍ശിച്ചു. 2017 ല്‍ പെരുവനത്ത് എത്തിയ സക്കീര്‍ ഹുസൈനെ ഗ്രാമം ആവേശത്തോടെ സ്വീകരിച്ചു. അന്ന് പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവര്‍ക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it