നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക് പോസ്റ്റുകളും ഡ്രോണ്‍ ലോഞ്ച് പാഡുകളും തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് കരസേന

മേയ് 8, 9 തീയതികളില്‍ രാത്രി പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ക്കുള്ള മറുപടിയെന്ന കുറിപ്പോടെയാണ് കരസേന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ന്യൂഡല്‍ഹി:നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക് പോസ്റ്റുകളും ഡ്രോണ്‍ ലോഞ്ച് പാഡുകളും തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ കരസേന. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്നുള്ള ആവര്‍ത്തിച്ചുള്ള ഡ്രോണ്‍ കടന്നുകയറ്റവും ഷെല്ലാക്രമണവും മൂലം അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടയിലാണ് സൈന്യത്തിന്റെ നടപടി.

മേയ് 8, 9 തീയതികളില്‍ രാത്രി പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ക്കുള്ള മറുപടിയെന്ന കുറിപ്പോടെയാണ് ഇന്ത്യയ്ക്കുനേരെ ഡ്രോണുകള്‍ പ്രയോഗിക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകള്‍ തകര്‍ക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടത്.

ജമ്മു കശ്മീരിലും പഞ്ചാബിലും പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് മറുപടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ലോഞ്ച് പാഡുകള്‍ക്കു നേരെ ആസൂത്രിത വെടിവയ്പ് നടത്തി അവയെ ചാരമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായിരുന്ന ഈ ലോഞ്ച് പാഡുകളില്‍ നിന്നാണ് ഇന്ത്യയിലെ സാധാരണക്കാര്‍ക്കും സൈനികര്‍ക്കുമെതിരെ പാകിസ്ഥാന്‍ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് എന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കരസേന പറഞ്ഞു.

ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും 36 നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ലക്ഷ്യങ്ങളില്‍ അവന്തിപോരയിലെ ഒരു വ്യോമതാവളവും ഉള്‍പ്പെടുന്നു. മറ്റ് ആക്രമണ ശ്രമങ്ങള്‍ക്കൊപ്പം, ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇത് വിജയകരമായി പരാജയപ്പെടുത്തി. ഡ്രോണ്‍ നശിപ്പിക്കാനുള്ള ശ്രമത്തിനിടെ 15-20 സ്‌ഫോടനങ്ങള്‍ കേട്ടതായും വൃത്തങ്ങള്‍ പറഞ്ഞു.

ജമ്മു, സാംബ, രജൗരി, പത്താന്‍കോട്ട്, അമൃത്സര്‍, ജയ് സാല്‍മര്‍, ബാര്‍മര്‍, പൊഖ് റാന്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം ഡ്രോണുകള്‍ പറന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം കുപ് വാര, പൂഞ്ച്, ഉറി, നൗഗാം, ഹന്ദ്വാര തുടങ്ങിയ പ്രദേശങ്ങളില്‍ നിയന്ത്രണ രേഖയില്‍ കനത്ത പീരങ്കി ആക്രമണങ്ങള്‍ നടന്നു.

പാകിസ്ഥാന്റെ പ്രകോപനമില്ലാതെയുള്ള ആക്രമണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്താസമ്മേളനത്തില്‍, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാന്‍ പാകിസ്ഥാന്‍ ലേ മുതല്‍ സര്‍ ക്രീക്ക് വരെയുള്ള സ്ഥലങ്ങളില്‍ 300 മുതല്‍ 400 വരെ തുര്‍ക്കി ഡ്രോണുകള്‍ വിക്ഷേപിച്ചതായി ഇന്ത്യ പറഞ്ഞു.

'പാകിസ്ഥാന്‍ ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളില്‍ സായുധ ഡ്രോണുകള്‍ വിക്ഷേപിച്ചു. ഒരു ഡ്രോണിന് ഒരു വ്യോമ പ്രതിരോധ റഡാര്‍ നശിപ്പിക്കാന്‍ കഴിഞ്ഞു,' എന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്ഥാന്‍ സൈന്യത്തിനും വലിയ നഷ്ടം സംഭവിച്ചതായും സിംഗ് പറഞ്ഞു.

'36 സ്ഥലങ്ങളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിന് ഏകദേശം 300 മുതല്‍ 400 വരെ ഡ്രോണുകള്‍ ഉപയോഗിച്ചു. കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സായുധ സേന ഈ ഡ്രോണുകളില്‍ പലതും വെടിവച്ചു വീഴ്ത്തി. ഇത്രയും വലിയ തോതിലുള്ള വ്യോമാക്രമണങ്ങളുടെ ഉദ്ദേശ്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരീക്ഷിക്കുകയും രഹസ്യാന്വേഷണം ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു. ഡ്രോണുകളുടെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള ഫോറന്‍സിക് അന്വേഷണം നടക്കുന്നുണ്ട്. അവ തുര്‍ക്കി അസിസ് ഗാര്‍ഡ് സോംഗര്‍ ഡ്രോണുകളാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു' എന്നും വിങ് കമാന്‍ഡര്‍ പറഞ്ഞു.

പിന്നീട്, പാകിസ്ഥാന്റെ ഒരു ആളില്ലാ ആകാശ വാഹനം (UAV) ബതിന്‍ഡ സൈനിക കേന്ദ്രം ലക്ഷ്യമിടാന്‍ ശ്രമിച്ചുവെന്നും, സായുധ സേന അത് കണ്ടെത്തി നിര്‍വീര്യമാക്കിയെന്നും അവര്‍ പറഞ്ഞു.

ഫിറോസ്പൂരിലെ ഒരു സിവിലിയന്‍ പ്രദേശത്തെ ലക്ഷ്യമിട്ട് സായുധ ഡ്രോണ്‍ ആക്രമണം നടത്തിയതായും സംഭവത്തില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം അമൃത്സറിലെ അഞ്ച് പ്രദേശങ്ങളിലായി 15 ഓളം ഡ്രോണുകള്‍ കണ്ടതിനെ തുടര്‍ന്ന് സ്ഥലത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം മിക്ക ഡ്രോണുകളും നിര്‍വീര്യമാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അമൃത്സറിലെ അധികാരികള്‍ സാധാരണക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു.

രാത്രി 9 മണിയോടെ ശ്രീനഗര്‍ വിമാനത്താവളത്തിന് മുകളിലൂടെ ഒരു ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആക്രമണം നിര്‍വീര്യമാക്കാന്‍ ബ്ലാക്ക് ഔട്ട് ചെയ്തതായും ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Articles
Next Story
Share it