ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9 ന്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണ്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ വോട്ടെണ്ണലും നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണ്.

2022 മുതല്‍ മൂന്ന് വര്‍ഷക്കാലം ഉപരാഷ്ട്രപതിയായി അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. ആരോഗ്യകരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. രാജ്യസഭാ ചെയര്‍മാനായി മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം അധ്യക്ഷത വഹിച്ച ശേഷമാണ് 74 കാരനായ ധന്‍ഖര്‍ രാജി വച്ചത്. രാജ്യത്തിന്റെ 16ാമത് ഉപരാഷ്ട്രപതിയായിരുന്നു ധന്‍ഖര്‍. ധന്‍ഖറിന്റെ പെട്ടെന്നുള്ള രാജി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

ധന്‍ഖറിന്റെ രാജി സര്‍ക്കാരുമായുള്ള ദീര്‍ഘകാല സംഘര്‍ഷത്തിന്റെ ഫലമായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിച്ചതാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും രാജിവച്ചതിന് പിന്നിലുള്ള യഥാര്‍ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്.

Related Articles
Next Story
Share it