ഉത്തരാഖണ്ഡില്‍ ഹിമപാതം: നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയിലെ മനായില്‍, ഇന്തോ ടിബറ്റന്‍ അതിര്‍ത്തിക്ക് സമീപമാണ് അപകടം. 57 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 16 പേരെ രക്ഷിച്ച് സൈനിക ക്യാംപിലേക്ക് മാറ്റിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപിലേക്ക് മാറ്റിയവരുടെ ആരോഗ്യനില ഗുരുതരമാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), ജില്ലാ ഭരണകൂടം, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), ബിആര്‍ഒ ടീമുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാംപിന് സമീപം, ബദ്രിനാഥ് ധാമിന് 3 കിലോമീറ്റര്‍ അകലെയായാണ് ഹിമപാതം ഉണ്ടായത്. റോഡ് നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സുകള്‍ ഇവിടേക്ക് അയച്ചിട്ടുണ്ടെന്നും കടുത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനം വൈകുന്നുണ്ടെന്നും ബിആര്‍ഒ എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ സി.ആര്‍.മീനയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

57 തൊഴിലാളികള്‍ ഹിമപാതത്തില്‍ കുടുങ്ങിയതായും അതില്‍ 16 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും അറിയിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞുവെന്നും എല്ലാവരെയും എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ മേഖലയില്‍ വെള്ളിയാഴ്ച രാത്രി വരെ വലിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Related Articles
Next Story
Share it