അനധികൃത കുടിയേറ്റം: മൂന്നാം യു.എസ് വിമാനം അമൃത്സറില്‍

ന്യൂഡല്‍ഹി: 112 പേരടങ്ങുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാം യു എസ് സൈനിക വിമാനം - സി-17 - അമൃത്സറില്‍ എത്തി. ഹരിയാനയില്‍ നിന്നുള്ള 44 പേരും ഗുജറാത്തില്‍ നിന്നുള്ള 33 പേരും പഞ്ചാബില്‍ നിന്നുള്ള 31 പേരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റുള്ളവരും സംഘത്തിലുണ്ടായിരുന്നു. മടങ്ങിയെത്തിയവരില്‍ 19 സ്ത്രീകളും രണ്ട് കുട്ടികളും അടക്കം 14 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. യാത്രക്കാരുടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

ആദ്യ രണ്ട് വിമാനങ്ങളില്‍ 104, 116 എന്നിങ്ങനെയായിരുന്നു അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നത്. മൂന്നാമത്തെ വിമാനത്തിലെ യാത്രക്കാരെ കൈവിലങ്ങും ചങ്ങലയും അണിയിച്ചാണോ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഒന്നാം ഘട്ടത്തിന് പുറമെ കഴിഞ്ഞദിവസം എത്തിയ രണ്ടാം ഘട്ട കുടിയേറ്റക്കാരെയും കൈവിലങ്ങും ചങ്ങലയുമണിയിച്ചാണ് അമേരിക്കന്‍ സൈനിക വിമാനത്തില്‍ എത്തിച്ചത്.

ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പ്രസിഡന്റ് ട്രംപിനോട് ഇക്കാര്യത്തിലെ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

നാടുകടത്തല്‍ വിമാനങ്ങള്‍ അമൃത്സറില്‍ ഇറങ്ങാന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രംഗത്തെത്തിയിരുന്നു. ഇത് 'പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താന്‍' ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിലങ്ങുവയ്ക്കല്‍, സിഖ് സമുദായത്തില്‍പ്പെട്ടവരെ തലപ്പാവ് ധരിക്കാതെ കൊണ്ടുപോകല്‍ തുടങ്ങിയ മനുഷ്യത്വരഹിതമായ പെരുമാറ്റവും അദ്ദേഹം ആരോപിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ദുരിതബാധിതര്‍ക്ക് 'ലങ്കാര്‍', 'ദസ്തര്‍ (തലപ്പാവ്) എന്നിവ നല്‍കി.

കൈകള്‍ ബന്ധിച്ചതായും കാലുകള്‍ ചങ്ങലയിട്ടതായും ആരോപിച്ച് പലരും തങ്ങളുടെ യാത്ര വളരെ കഠിനമായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ട്രാവല്‍ ഏജന്റുമാര്‍ വഴിതെറ്റിച്ചതോടെ മെച്ചപ്പെട്ട അവസരങ്ങള്‍ തേടി അപകടകരമായ വഴികളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങള്‍ അവര്‍ പങ്കുവെക്കുകയും ചെയ്തു.

പഞ്ചാബ് എന്‍ആര്‍ഐ കാര്യ മന്ത്രി കുല്‍ദീപ് സിംഗ് ധാലിവാള്‍ യുഎസിന്റെ യാത്രക്കാരോടുള്ള പെരുമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ചു, 'യാത്രയിലുടനീളം, വീണ്ടും അമേരിക്കന്‍ സൈനികര്‍ നമ്മുടെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കൈകളും കാലുകളും കെട്ടിയിട്ടതായി അറിയുമ്പോള്‍ വിഷമം തോന്നുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

നാടുകടത്തപ്പെട്ടവരില്‍ രണ്ടുപേരെ പഞ്ചാബ് പൊലീസ് കൊലപാതക കേസില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. 2023 ലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് രാജ് പുരയില്‍ നിന്നുള്ള രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it