യുഎസ് നാടുകടത്തിയ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം എത്തി; നടപടി നിരാശാജനകമെന്ന് പഞ്ചാബ് മന്ത്രി

അമൃത്സര്‍: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം അമൃത്സറിലെത്തി. 205 യാത്രക്കാരുമായി പുറപ്പെട്ട അമേരിക്കന്‍ സൈന്യത്തിന്റെ സി27 വിമാനം അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണ് ലാന്‍ഡ് ചെയ്തത്. ടെക്‌സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്.

തിരിച്ചെത്തുന്നവരില്‍ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണ്. വിമാനത്താവളത്തില്‍ പ്രത്യേകം തയാറാക്കിയ കൗണ്ടറുകളില്‍ യാത്രക്കാരെ പരിശോധിക്കുകയാണെന്നും ആവശ്യമായ പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിമാനത്താവളത്തില്‍ നിന്ന് പോകാന്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ.

യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്ന് പഞ്ചാബ് എന്‍ആര്‍ഐ മന്ത്രി കുല്‍ദീപ് സിങ് ധലിവാള്‍ പ്രതികരിച്ചു. യുഎസിലെ പഞ്ചാബികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇക്കാര്യം അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച ചെയ്യുമെന്നും ധലിവാള്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ആകെയുള്ള 15 ലക്ഷം പേരില്‍ 18,000 ഇന്ത്യക്കാരുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ് ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും തമ്മിലും ചര്‍ച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോള്‍ എന്താണ് ശരിയെന്നത് നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചര്‍ച്ചകളില്‍ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്.

നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ല്‍ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എല്‍ പാസോ, ടെക്സസ്, സാന്‍ ഡിയഗോ, കലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങള്‍ അയച്ചത്.

ലാറ്റിന്‍ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളില്‍ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാന്‍ഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങള്‍ അവിടെ ഇറക്കാന്‍ രാജ്യം അനുമതി കൊടുത്തില്ല. ഇവിടെ ഉള്ളവരെ കൊണ്ടുപോകാന്‍ കൊളംബിയ രണ്ട് വിമാനങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it