ഡ്യൂട്ടി റൂമില്‍ ബനിയനും പാന്റുമിട്ട് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; പിന്നാലെ ഡോക്ടറെ പുറത്താക്കി

'ബാന്‍ഡ് ബജാ ബാരാത്' എന്ന ചിത്രത്തിലെ 'ദം ദം' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്‌

യുപി: ഡ്യൂട്ടി റൂമില്‍ ബനിയനും പാന്റുമിട്ട് പ്രതിശ്രുത വധുവിനൊപ്പം ആടിപ്പാടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഡോക്ടറെ ജോലിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കി. ഉത്തര്‍പ്രദേശിലെ ഷംലിയില്‍ പോസ്റ്റ് ചെയ്ത ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ആശുപത്രി വളപ്പിലെ ഒരു മുറിക്കുള്ളില്‍ തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി നേരിട്ടത്. 'ബാന്‍ഡ് ബജാ ബാരാത്' എന്ന ചിത്രത്തിലെ 'ദം ദം' എന്ന ഗാനത്തിന് ഡോ. അഫ്കര്‍ സിദ്ദിഖിയും പ്രതിശ്രുത വധുവും ഡ്യൂട്ടി റൂം പോലെ തോന്നിക്കുന്ന സ്ഥലത്ത് നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഇരുവരും പുഞ്ചിരിക്കുന്നതും, തിരിഞ്ഞുനോക്കുന്നതും, സംഗീതത്തിനൊപ്പം ചുവടുവയ്ക്കുന്നതും ക്ലിപ്പില്‍ കാണിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വിവാഹനിശ്ചയത്തില്‍ സന്തോഷം പ്രകടിപ്പിച്ചാണ് ഡോക്ടര്‍ നൃത്തം ചെയ്തതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വീഡിയോ ജില്ലാ ആരോഗ്യ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഡ്യൂട്ടി റൂമില്‍ നൃത്തം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഷംലിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിദ്ദിഖിക്ക് നോട്ടീസ് നല്‍കി. വിഷയം പരിശോധനയിലാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നോട്ടീസിന് പുറമേ, ആശുപത്രി ഭരണകൂടം അദ്ദേഹത്തെ അടിയന്തര സേവനത്തില്‍ നിന്ന് നീക്കം ചെയ്യുകയും സര്‍ക്കാര്‍ നല്‍കിയ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് ആശുപത്രി അധികൃതര്‍ രേഖാമൂലമുള്ള റിപ്പോര്‍ട്ട് അയച്ചു.

ഡോക്ടര്‍ക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് മെഡിക്കല്‍ ഓഫീസര്‍ വീരേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടത് ഇങ്ങനെ: 'ഇത്തരം പെരുമാറ്റം അസ്വീകാര്യമാണ്, ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഇത് അനുവദിക്കില്ല. ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്, കൂടുതല്‍ വകുപ്പുതല അവലോകനത്തിനായി വിഷയം അവതരിപ്പിച്ചിട്ടുണ്ട്.'

എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഡോക്ടറുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച് രംഗത്തെത്തി. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ അവര്‍ അവരുടെ സന്തോഷം ആഘോഷിക്കുന്നു. അതിനെന്തിനാണ് അച്ചടക്ക നടപടിയെന്നാണ് നെറ്റിസെന്‍സിന്റെ ചോദ്യം. ഡോക്ടര്‍മാരും മനുഷ്യരാണെന്നും അവര്‍ക്കും സന്തോഷങ്ങളുണ്ടാകുമെന്നും ചിലര്‍ കുറിച്ചു. സമ്മര്‍ദ്ദങ്ങളില്ലാതാകുമ്പോഴേ ഒരു ഡോക്ടര്‍ക്ക് രോഗികള്‍ക്ക് നല്ല ചികിത്സ നല്‍കാന്‍ കഴിയൂവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.

Related Articles
Next Story
Share it