ഛത്തീസ് ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 26 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മരിച്ചവരില്‍ അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 1 കോടി രൂപ വിലയിട്ടിരുന്ന നംബാല കേശവറാവുവും

ന്യൂഡല്‍ഹി: ഛത്തീസ് ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 26 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന നംബാല കേശവറാവു(60) എന്ന ബസവരാജ് ഉള്‍പ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ് ഗഡിലെ നാരായണ്‍പുര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓപ്പറേഷന്‍ ആരംഭിച്ച് 72 മണിക്കൂര്‍ പിന്നിട്ടതായി സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശര്‍മ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 31 മാവോയിസ്റ്റുകളെയാണ് വധിച്ചത്. 214 ഒളിത്താവളങ്ങള്‍ നശിപ്പിച്ചു. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.

മുതിര്‍ന്ന മാവായിസ്റ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ് ഗഡ് പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ക്കുകയും തിരിച്ചടിക്കുകയുമായിരുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബസവരാജ് നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറര്‍ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇയാള്‍. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ ഒരു അംഗവും ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നാരായണ്‍പൂര്‍-ബിജാപൂര്‍-ദന്തേവാഡ ജില്ലകളുടെ ട്രൈ-ജംഗ്ഷനിലുള്ള അഭുജ് മദിലെ ഇടതൂര്‍ന്ന വനങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍, മുതിര്‍ന്ന മാഡ് ഡിവിഷന്‍ കേഡര്‍മാര്‍, പിഎല്‍ജിഎ (പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി) അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡിആര്‍ജി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഓപ്പറേഷന്‍ രണ്ട് ദിവസം മുമ്പാണ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles
Next Story
Share it