തെലങ്കാനയിലെ ഫാര്‍മ പ്ലാന്റ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി; അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

പശമൈലാറമിലെ സിഗാച്ചി ഇന്‍ഡസ്ട്രീസ് ഫാര്‍മ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ജില്ലാ പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് ഇക്കാര്യം സ്ഥിരീകരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ അപകട സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

പശമൈലാറമിലെ സിഗാച്ചി ഇന്‍ഡസ്ട്രീസ് ഫാര്‍മ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. 'അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 31 മൃതദേഹങ്ങള്‍ പുറത്തെടുത്തു, മൂന്ന് പേര്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടം ഇപ്പോഴും തുടരുകയാണ്' - എന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു. രേവന്ത് റെഡ്ഡിയുടെ സന്ദര്‍ശനം ആരോഗ്യമന്ത്രി സി ദാമോദര്‍ രാജനരസിംഹ സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന് കാരണമായ എല്ലാം തെളിവുകളും സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചു.

ഒരു റിയാക്ടറിനുള്ളിലെ രാസപ്രവര്‍ത്തനം മൂലമാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ 8:15 നും 9:35 നും ഇടയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വ്യാവസായിക ഷെഡ് തകര്‍ന്ന് വീഴുകയും തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ തീപിടിത്തം ഉണ്ടാവുകയും ചെയ്തു.

അപകടത്തില്‍ പൊള്ളലേറ്റും തലയ്ക്ക് പരിക്കേറ്റും 21 രോഗികളെ മിയാപൂരിലെ പ്രണാമം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാഞ്ചരുവിലെ ധ്രുവ ആശുപത്രികളില്‍ 11 രോഗികളെ പ്രവേശിപ്പിച്ചു, അവരില്‍ രണ്ടുപേരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റി. ശേഷിക്കുന്ന ഒമ്പത് പേരില്‍ അഞ്ച് പേര്‍ വെന്റിലേറ്ററുകളിലാണ്. ഏഴ് പേര്‍ക്ക് 40-80% പൊള്ളലേറ്റിട്ടുണ്ട്, രണ്ട് പേര്‍ക്ക് 10% പൊള്ളലേറ്റിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഒമ്പത് മൃതദേഹങ്ങളെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാക്കിയുള്ളവയുടെ ഡിഎന്‍എ പരിശോധന ആവശ്യമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അപകടം നടക്കുമ്പോള്‍ 90 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.

ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDF), പ്രാദേശിക അഗ്‌നിശമന സേനാംഗങ്ങള്‍, പൊലീസ് എന്നിവരെ രക്ഷാപ്രവര്‍ത്തനത്തിനും അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്കുമായി വിന്യസിച്ചു. രണ്ട് അഗ്‌നിശമന റോബോട്ടുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

അതേസമയം, സിഗാച്ചി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സംഗറെഡ്ഡി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്‍ഡസ്ട്രിയുടെ നിര്‍മ്മാണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് ഇത്.

സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കുന്നതിനും സുരക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് എക്‌സ്-ഗ്രേഷ്യ സഹായം പ്രഖ്യാപിക്കുകയും ചെയ്തു.

മുന്‍കാലങ്ങളില്‍ മാരകമായ വ്യാവസായിക അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സംഗറെഡ്ഡി-പശമൈലാരം ഇടനാഴിയിലെ വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഈ ദുരന്തം വീണ്ടും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Related Articles
Next Story
Share it