നികുതി വെട്ടിപ്പ്; നടന്‍ ആര്യന്റെ വീട്ടിലും ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കം 8 സംഘങ്ങളായാണ് പരിശോധന നടത്തുന്നത്

ചെന്നൈ: തെന്നിന്ത്യന്‍ താരം ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കം 8 സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെല്‍ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയ്ഡിന് ശേഷമേ മുഴുവന്‍ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കില്‍പ്പോക്ക്, അണ്ണാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടല്‍. അണ്ണാനഗറിലെ ഭക്ഷണശാലയില്‍ എത്തി ആയിരുന്നു നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.
തമിഴ് ചലച്ചിത്ര മേഖലയിലെ മുന്‍നിര നടനും നിര്‍മ്മാതാവുമാണ് ആര്യ. 2005ല്‍ സിനിമയിലെത്തിയ ആര്യ 'നാന്‍ കടവുള്‍', 'മദ്രാസപട്ടണം', 'ബാസ് എങ്കിര ഭാസ്‌കരന്‍', 'രാജാ റാണി', സര്‍പ്പാട്ട പരമ്പരെ, തുടങ്ങി നിരവധി സിനിമകളില്‍ നായകനായി എത്തി. തമിഴിന് പുറമെ മലയാളത്തിലും ആര്യ അഭിനയിച്ചിട്ടുണ്ട്.
'അനന്തന്‍ കാട്' എന്ന ചിത്രത്തിലാണ് നിലവില്‍ ആര്യ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എമ്പുരാന് ശേഷം മുരളി ഗോപി രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതിനൊപ്പം മുരളി ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ജീയെന്‍ കൃഷ്ണകുമാര്‍ ആണ് സംവിധാനം.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും അണിനിരക്കുന്നു. ഇന്ദ്രന്‍സ്, വിജയരാഘവന്‍, മുരളി ഗോപി, സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി, അജയ്, അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.