പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല; നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി

നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നതെന്നും കോടതി

ന്യൂഡല്‍ഹി: ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കയാണ് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ് നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നടപടി ചട്ടവിരുദ്ധമെന്നും സുപ്രീം കോടതി പറഞ്ഞു.

നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തമിഴ് നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആര്‍ എന്‍. രവിക്കെതിരെ തമിഴ് നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.

Related Articles
Next Story
Share it