ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം:മരിച്ചവരിൽ 5 കുട്ടികളും

ന്യൂഡൽഹി: മഹാകുംഭമേളയിൽ പ​ങ്കെടുക്കാൻ പ്രയാഗ് രാജിലേക്ക് പോകുന്ന ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് ഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 മരണം. 50 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് ആളപായത്തിനും പരിക്കിനും ഇടയാക്കിയത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് അപകടം നടന്നത്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് എത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.

അപകടത്തിൽ 15 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. മരിച്ചുവെന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് റെയിൽവേ അധികൃതർ വാർത്ത കുറിപ്പിറക്കുകയും ചെയ്തു. എന്നാൽ മരിച്ചവർക്ക് ആദരാഞ്ജലിയുമായി ലഫ്. ഗവർണർ പോസ്റ്റിട്ടതോടെ ആശയക്കുഴപ്പം പരന്നു. പിന്നാലെ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

തിരക്ക് കുറഞ്ഞുവെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്‌തു. സംഭവത്തിൽ റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ നിരവധി പേരെ പ്രവേശിപ്പിച്ചിരിക്കുന്ന എൽഎൻജെപി ആശുപത്രിയിൽ ഡൽഹിയിലെ കാവൽ മുഖ്യമന്ത്രി അതിഷി സന്ദർശിച്ചു. ഇരകളുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സഹായിക്കാൻ രണ്ട് എംഎൽഎമാർ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it