നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി 14 ന് വാദം കേള്‍ക്കും

നയതന്ത്ര മാര്‍ഗങ്ങള്‍ എത്രയും വേഗം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ മുഖേനയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്

ന്യൂഡല്‍ഹി: കൊലപാതകക്കുറ്റത്തിന് ജൂലൈ 16 ന് യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടാന്‍ സാധ്യതയുള്ള മലയാളി നഴ്‌സ് നിമിഷ പ്രിയയെ രക്ഷിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.

നയതന്ത്ര മാര്‍ഗങ്ങള്‍ എത്രയും വേഗം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ മുഖേനയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതുപരിഗണിച്ച ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേസ് ജൂലൈ 14 ന് വാദം കേള്‍ക്കാന്‍ മാറ്റി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള താല്‍ക്കാലിക തീയതി യെമന്‍ ഭരണകൂടം ജൂലൈ 16 ന് നിശ്ചയിച്ചിട്ടുണ്ടെന്ന് പ്രസ്താവിക്കുന്ന മാധ്യമ റിപ്പോര്‍ട്ടും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശരീഅത്ത് നിയമപ്രകാരം മരണപ്പെട്ടയാളുടെ കുടുംബത്തിന് രക്തപ്പണം നല്‍കുന്നത് പരിശോധിക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രക്തപ്പണം നല്‍കിയാല്‍ മരിച്ചയാളുടെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കുമെന്നും അഭിഭാഷകന്‍ ബോധ്യപ്പെടുത്തി. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് നല്‍കാന്‍ അഭിഭാഷകനോട് ബെഞ്ച് ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്തു.

കേരളത്തിലെ പാലക്കാട് ജില്ലയില്‍ നിന്നുള്ള നഴ്സായ നിമിഷ പ്രിയ (38) 2017 ല്‍ ആണ് തന്റെ യെമന്‍ ബിസിനസ് പങ്കാളി തലാല്‍ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായത്. 2020 ല്‍ വധശിക്ഷ വിധിച്ചു, 2023 ല്‍ അവരുടെ അന്തിമ അപ്പീല്‍ നിരസിക്കപ്പെട്ടു. യെമന്റെ തലസ്ഥാനമായ സനയിലെ ഒരു ജയിലിലാണ് ഇപ്പോള്‍ നിമിഷ പ്രിയ തടവില്‍ കഴിയുന്നത്.

നിമിഷ പ്രിയയെ സഹായിക്കുന്നതിന് നിയമസഹായം നല്‍കുന്ന സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Related Articles
Next Story
Share it