ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു; വേദിയില്‍ മോദി അടക്കമുള്ള പ്രമുഖര്‍

ന്യൂഡല്‍ഹി: ബിജെപി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. 27 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. പതിനായിരങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. വേദിയില്‍ വിവിധ മത ആചാര്യന്മാര്‍ക്കും പൗര പ്രമുഖര്‍ക്കും പ്രത്യേക ഇടം ഒരുക്കിയിരുന്നു.
രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഡല്‍ഹിയിലെ നാലാമത്തേയും ബിജെപിയുടെ രണ്ടാമത്തേയും വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എം.എല്‍.എ ആണ് രേഖ ഗുപ്ത. ബിജെപിയില്‍ നിന്നും സുഷമ സ്വരാജാണ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം രാജ്യതലസ്ഥാനത്തിന്റെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാവുകയാണ് രേഖാ ഗുപ്ത.
ഉപമുഖ്യമന്ത്രിയായി പര്‍വേശ് വര്‍മയും മന്ത്രിമാരായി ബിജെപി ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, രവീന്ദര്‍ ഇന്ദ്രജ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവരും സ്ഥാനമേറ്റു. 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിനെത്തി. അമ്പതിലധികം സിനിമാ താരങ്ങളും വ്യവസായികളും പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി കൈലാഷ് ഖേറിന്റെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.
ബുധനാഴ്ച ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗമാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായും പര്‍വേശ് വര്‍മയെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തത്. ഫലമറിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തത്. ബിജെപി മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ വനിതാ നേതാവിനെ ബിജെപി ഭരണം ഏല്‍പ്പിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണെന്നാണ് വിലയിരുത്തല്‍.
എബിവിപിയുടെ തീപ്പൊരി നേതാവായിരുന്നു ഹരിയാനയില്‍ ജനിച്ച രേഖ ഗുപ്ത. നേരത്തെ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി പദവിയും വഹിച്ചിരുന്നു. 2007 ല്‍ ആദ്യമായി ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി. 2012 ലും 2022 ലും ജയം ആവര്‍ത്തിച്ചു. ബിജെപിയിലും മഹിള മോര്‍ച്ചയിലും വിവിധ പദവികള്‍ വഹിച്ചു.
ഡല്‍ഹിയില്‍ ശക്തമായ വോട്ട് അടിത്തറയുള്ള ബനിയ വിഭാഗത്തില്‍പെട്ട നേതാവാണ് രേഖ ഗുപ്ത. ഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ബനിയ വിഭാഗം ശക്തമാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ തീരുമാനമാണ് രേഖ ഗുപ്തയുടെ മുഖ്യമന്ത്രി പദം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.