ഇന്ത്യാക്കാരെ യുഎസ് നാടുകടത്തുന്നത് ആദ്യമല്ലെന്ന് ജയ്ശങ്കര്‍; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യാക്കാരെ യുഎസ് നാടുകടത്തിയത് സംബന്ധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഭീകരരെ പോലെയാണ് ഇന്ത്യക്കാരോട് പെരുമാറിയത്. വിലങ്ങുവച്ചാണ് യാത്രക്കാരെ കൊണ്ടുവന്നതെന്ന് അറിഞ്ഞിരുന്നോ എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.
ഇതിന് മറുപടിയായി സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് വച്ചിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സഭയെ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ യു എസ് നാടുകടത്തുന്നത് ഇതാദ്യമായല്ല. ഓരോവര്‍ഷവും നൂറുകണക്കിന് ഇന്ത്യക്കാരെയാണ് അനധികൃതമായി പ്രവേശിച്ചതിന് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്നത്. 2012-ല്‍ ഇവരുടെ എണ്ണം 530 ആയിരുന്നെങ്കില്‍ 2019-ല്‍ അത് 2000-ലേറെ ആയെന്നും നിയമവിരുദ്ധമായി നീങ്ങുന്നവരെ തിരിച്ച് സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്നും വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ഇത് ഒരു രാജ്യത്തിന് മാത്രം ബാധകമായ നയമല്ല. അതിനാല്‍ അവിടേക്കുള്ള അനധികൃത കുടിയേറ്റത്തിലാണ് നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും നാടുകടത്തുന്നവരെ മോശമായരീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ യുഎസുമായി ഇടപെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
എന്നാല്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം പറഞ്ഞു. യുഎസില്‍ നിന്ന് നാടുകടത്തിയവരെ തിരികെ കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും പ്രതിപക്ഷം ചോദിച്ചു. ഇവരെ മാനുഷികമായ രീതിയില്‍ തിരികെ എത്തിക്കാന്‍ ഇന്ത്യയില്‍ നിന്ന് സൈനിക വിമാനമോ ചാര്‍ട്ടര്‍ വിമാനമോ അയക്കാമായിരുന്നില്ലേ എന്നും പ്രതിപക്ഷം ചോദിച്ചു.
വിഷയത്തില്‍ കൊളംബിയ സ്വീകരിച്ച നിലപാടും പ്രതിപക്ഷാംഗങ്ങള്‍ എടുത്തുകാട്ടി. യുഎസില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി ആദ്യ സൈനിക വിമാനം എത്തിയപ്പോള്‍ തന്നെ കൊളംബിയ വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
യാത്രക്കാരെ കൈവിലങ്ങ് അണിയിച്ചും പരസ്പരം ചങ്ങലകൊണ്ട് ബന്ധിച്ചും യുഎസ് സൈനിക വിമാനത്തില്‍ കൊണ്ടുവരുന്നതിനെയാണ് കൊളംബിയ എതിര്‍ത്തത്. യുഎസ് സൈനികവിമാനങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്തിറങ്ങാന്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നാലെ കൊളംബിയക്ക് മേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയാണ് യുഎസ് തിരിച്ചടിച്ചത്.