അമിത് ഷായ്ക്കെതിരെ 'അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍' നടത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമായത്

ചൈബാസ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക് സഭാ എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് ജാര്‍ഖണ്ഡിലെ ചൈബാസയിലെ എംപി-എംഎല്‍എ കോടതി. 2018 ല്‍ ഒരു റാലിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമായത്.

ബുധനാഴ്ച രാവിലെ 10.55 ഓടെയാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2018 ല്‍ ചൈബാസയില്‍ നടന്ന ഒരു റാലിയില്‍ ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് പ്രതാപ് കുമാര്‍ എന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ചൈബാസയിലെ മജിസ്ട്രേറ്റ് കോടതിയില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, രാഹുലിന്റെ പ്രസ്താവനകള്‍ അപകീര്‍ത്തികരമാണെന്നും ഷായുടെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വ്വം നടത്തിയ പ്രസ്താവനയാണ് ഇതെന്നുമായിരുന്നു ആരോപിച്ചിരുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജൂണ്‍ 26 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി ജൂണ്‍ 2 ന് ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിര്‍ദ്ദിഷ്ട ദിവസം ഹാജരാകാന്‍ കഴിയില്ലെന്നും പകരം ഓഗസ്റ്റ് 6 ന് ഹാജരാകാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന് ഹൈക്കോടതി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 2018 ല്‍ റാഞ്ചിയിലാണ് മാനനഷ്ട കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് 2021 ല്‍ ചൈബാസയിലേക്ക് മാറ്റുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ആദിവാസി നേതാവുമായ ഷിബു സോറന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡിലെത്തിയത്. തൊട്ടടുത്തുള്ള രാംഗഡ് ജില്ലയിലെ നെമ്രയിലെ സോറന്റെ പൂര്‍വ്വിക ഗ്രാമത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങ് നടന്നത്.

റാഞ്ചിയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധി ചൈബാസയില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനായി ടാറ്റ കോളേജ് ഗ്രൗണ്ടില്‍ ഒരു ഹെലിപാഡ് സജ്ജീകരിച്ചിരുന്നു.

Related Articles
Next Story
Share it