ഉപരാഷ്ട്രപതി ജഗദീപ് ദന്‍കറിന്റെ രാജി അംഗീകരിച്ച് രാഷ്ട്രപതി; നല്ല ആരോഗ്യം നേര്‍ന്ന് ആശംസയറിയിച്ച് പ്രധാനമന്ത്രി

തിങ്കളാഴ്ച വൈകുന്നേരമാണ് ജഗ് ദീപ് ധന്‍കര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്റെ അപ്രതീക്ഷിത രാജി അംഗീകരിച്ച് രാഷ്ട്രപതി. ജഗദീപ് ധന്‍കര്‍ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.

തിങ്കളാഴ്ച വൈകുന്നേരമാണ് ജഗ് ദീപ് ധന്‍കര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്. രാഷ്ട്രപതിക്കെഴുതിയ രാജിക്കത്തില്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 'ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) അനുസരിച്ച്, ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം ഞാന്‍ ഇതിനാല്‍ രാജിവയ്ക്കുന്നു'- എന്നായിരുന്നു ധന്‍കര്‍ രാജിക്കത്തില്‍ പറഞ്ഞിരുന്നത്.

സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും പറഞ്ഞിരുന്നു. രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാ പാര്‍ലമെന്റംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

രാജി വച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധന്‍ഖറിന് ആശംസകള്‍ നേര്‍ന്നു, രാഷ്ട്രത്തിനുവേണ്ടി അദ്ദേഹം നല്‍കിയ സേവനത്തെ അംഗീകരിക്കുകയും ചെയ്തു.

'ശ്രീ ജഗ്ദീപ് ധന്‍ഖര്‍ ജിക്ക് ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന നിലയില്‍ ഉള്‍പ്പെടെ വിവിധ പദവികളില്‍ നമ്മുടെ രാജ്യത്തെ സേവിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നല്ല ആരോഗ്യം നേരുന്നു,' - എന്നായിരുന്നു പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചത്.

ഉപാധ്യക്ഷന്‍ ഹരിവംശാണ് ചൊവ്വാഴ്ച രാജ്യസഭ നിയന്ത്രിക്കുന്നത്. അതിനിടെ ജഗദീപ് ധന്‍കറിന്റെ രാജിയുടെ കാരണം തേടി രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിര്‍ത്തി വെച്ചു.

അതേസമയം, രാജിയില്‍ ദുരൂഹതയേറുകയാണ്. ജഗദീപ് ധന്‍കറിന് യാത്രയയപ്പ് നല്‍കാത്തതും ചര്‍ച്ചയാകുന്നു. ജഗദീപ് ധന്‍കറിന്റെ വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. വെറും രണ്ട് വരിയില്‍ മാത്രം പ്രധാനമന്ത്രി ആശംസയറിയിച്ചതും സംശയങ്ങള്‍ക്കിടനല്‍കിയിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ രാജിയില്‍ സര്‍ക്കാറിന്റെ മൗനവും തുടരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ധന്‍കറുടെ നീക്കം സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.

2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി ധന്‍കര്‍ സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ധന്‍കര്‍.

ഏറെ നാളായി ജഗ്ദീപ് ധന്‍കറിനെ അസുഖങ്ങള്‍ അലട്ടിയിരുന്നു. മാര്‍ച്ച് ആദ്യവാരം അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടുത്തിടെ പൊതു പരിപാടിയില്‍ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിവാദങ്ങള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടം നേടിയ ജഗ്ദീപ് ധന്‍കര്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്.

Related Articles
Next Story
Share it